പാരാഗ്ലൈഡിങ്ങിനിടെ പരുക്ക് പറ്റിയ ആന്തണി വെല്ലസ് എന്ന യൂട്യൂബറുടെ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
അഡ്വഞ്ചര്‍ പ്രേമികളുടെ പ്രിയപ്പെട്ട വിനോദങ്ങളിലൊന്നാണ് പാരാഗ്ലൈഡിങ്. ധാരാളം റിസ്കുകളും പാരാഗ്ലൈഡിങ്ങിനോട് ചേര്‍ന്നുണ്ട്. അപകടകരമായ സാഹചര്യങ്ങളില്‍ അകപ്പെട്ടുപോയ പാരാഗ്ലൈഡര്‍മാരുടെ കഥകളും, അപകടങ്ങള്‍ തരണം ചെയ്തവരുമൊക്കെ ധാരാളം. 85 അടി താഴ്ച്ചയിലേക്കായിരുന്നു ആന്തണിയുടെ വീഴ്ച്ച. ഒരു പാരാമോട്ടര്‍ പൈലറ്റ് കൂടിയാണ് ആന്തണി.
യു.എസിലെ വടക്ക് പടിഞ്ഞാറന്‍ ടെക്സസിനോട് ചേര്‍ന്നായിരുന്നു അപകടം നടന്നത്. കഴുത്തിലും പുറത്തും പെല്‍വിസിനും ഒടിവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. സംഭവം 33കാരനായ ആന്തണി തന്നെ യൂട്യൂബിലൂടെ പങ്കുവെച്ചു. ബിജിഡി ലൂണ 3 എന്ന പാരമോട്ടര്‍ ടെസ്റ്റ് ചെയ്യുകയായിരുന്നു അദ്ദേഹം, മണിക്കൂറില്‍ 50 മൈല്‍ എന്നതായിരുന്നു വേഗം. നിലത്ത് നിന്ന് 100 അടിയോളം ഉയരത്തിലെത്തിയപ്പോഴേക്കും നിയന്ത്രണം വിട്ടുവെന്നാണ് യുവാവ് പങ്കുവെച്ചത്.
എയര്‍ക്രാഫ്റ്റ് നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്ന ആന്തണിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. അദ്ദേഹം അലറിക്കരയുന്നതും, എമര്‍ജന്‍സി നമ്പരില്‍ വിളിക്കാന്‍ സിരിയോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
ഭാര്യ ലിയാന്‍ഡ്രയ്ക്കൊപ്പമായിരുന്നു ആന്തണി പറന്നത്. ആന്തണിയുടെ മുറിവുകള്‍ക്ക് സര്‍ജറി വേണ്ടിവരും. അതേ സമയം തന്‍റെയും കുടുംബത്തിന്‍റെയും ഭാഗത്തുനിന്ന് നന്ദിയറിയിക്കുന്നതായ് ആന്തണിയുടെ ഭാര്യ പറഞ്ഞു. ചുറ്റുമുള്ളവര്‍ തരുന്ന പിന്തുണയ്ക്ക് എന്ത് പറയണമെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു