അടുത്തിടിയെയാണ് ചൈനയിലെ ക്വിലിയൻ പർവതനിരകള്‍ക്കിടയിലൂടെ പറക്കുമ്പോള്‍ അനുഭവപ്പെട്ട ശക്തമായ ‘ക്ലൗഡ് സക്ക്’ അനുഭവം പങ്കുവച്ച് പെങ് യുജിയാങ് എന്ന ചൈനീസ് പാരാഗ്ലൈഡര്‍ രംഗത്തെത്തിയത്. വായുവിന്‍റെ അതിശക്തമായ മുകളിലേക്കുള്ള പ്രവാഹത്തില്‍പ്പെട്ട് മേഘങ്ങള്‍ക്കിടയിലേക്ക് വലിച്ചെടുക്കപ്പെടുന്നതിനെയാണ് ‘ക്ലൗഡ് സക്ക്’ എന്ന് പറയുന്നത്. എന്നാല്‍ അപകടകരമായ ഈ പ്രതിഭാസത്തിലും പറക്കലിന്‍റെ മുഴുവന്‍ വിഡിയോയും അദ്ദേഹം പകര്‍ത്തുകയും ചെയ്തു. എന്നാല്‍ എൻബിസി ന്യൂസിലെ ഒരു റിപ്പോർട്ട് അനുസരിച്ച് ചൈനീസ് പാരാഗ്ലൈഡറുടെ വിഡിയോ ഭാഗികമായെങ്കിലും എഐ ജനറേറ്റഡ് ആകാം എന്നാണ് കണ്ടെത്തല്‍.
28200 അടിയിലേക്കാണ് താന്‍ ഉയര്‍ന്നുപൊങ്ങിയതെന്നാണ് പെങ് യുജിയാങ് അവകാശപ്പെടുന്നത്. എവറസ്റ്റ് കൊടുമുടിയുടെ ഉയരമാകട്ടെ 29,030 അടിയാണ്. ഓക്സിജൻ മാസ്കുകൾ പോലുമില്ലാതെ പരിശീലനത്തിലായിരുന്നു താനെന്നും. -40°C താപനിലയില്‍ 72 മിനിറ്റ് നീണ്ടുനിന്ന പറക്കലില്‍ ശരീരം കോച്ചുന്ന തണുപ്പിനെയും മഞ്ഞുവീഴ്ചയെയും അതിജീവിച്ചാണ് താന്‍ തിരിച്ചിറങ്ങിയതെന്നുമാണ് പെങ് പറയുന്നത്. ‘കൈകൾ മരവിച്ചുപോയപ്പോഴും പാരച്യൂട്ട് ശരിയായി നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോളുമാണ് ഗുരുതരമായ സാഹചര്യത്തിലാണെന്ന് മനസിലായത്. മുഖവും വിരലുകളും മഞ്ഞുകൊണ്ട് മൂടിയിരുന്നു. ദിശയറിയാന്‍ പറ്റാത്ത അവസ്ഥ. കോമ്പസ് ഇല്ലായിരുന്നെങ്കിൽ ഏത് വഴിക്കാണ് പോകുന്നതെന്ന് മനസിലാക്കാന്‍ പോലും സാധിക്കില്ലായിരുന്നു. നേരെ പറക്കുകയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ വാസ്തവത്തിൽ, ഞാൻ കറങ്ങുകയായിരുന്നു’ അദ്ദേഹം ചൈന മീഡിയ ഗ്രൂപ്പിനോട് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പെങ് പറയുന്നത് ഒരുപക്ഷേ ശരിയാണെങ്കില്‍പ്പോലും അദ്ദേഹം പങ്കുവച്ച വിഡിയോയുടെ ആദ്യ അഞ്ച് സെക്കൻഡുകൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതായെന്ന് വ്യക്തമായെന്നാണ് എൻബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ദൃശ്യത്തില്‍ പെങ് കാലുകൾ തൂങ്ങിക്കിടക്കുന്ന നിലയിൽ നീങ്ങുന്നത് കാണാം. പക്ഷേ ദൃശ്യങ്ങൾ ക്രോപ്പ് ചെയ്തതായാണ് കരുതുന്നത്. ക്രോപ്പ് ചെയ്ത വിഡിയോയിൽ ഡൗബാവോ എഐയുടെ ലോഗോ ഒഴിവാക്കിയിട്ടുണ്ട്. ഇത് ദൃശ്യം എഐ ടൂൾ സൃഷ്ടിച്ചതായിരിക്കാമെന്നാണ് സൂചിപ്പിക്കുന്നത്. വിഡിയോയുടെ അതേ ഭാഗം മെയ് 25 ന് കമ്പനിയുടെ വാട്ടർമാർക്ക് ഉപയോഗിച്ച് ഫെയ്സ്ബുക്കിൽ അപ്‌ലോഡ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ശേഷിക്കുന്ന ദൃശ്യങ്ങള്‍, ആധികാരികമാണോ അല്ലയോ എന്ന് വ്യക്തമല്ലെന്നും എൻബിസി പറയുന്നു.
ആദ്യ ദൃശ്യങ്ങള്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാകാം എന്ന അനുമാനം ശരിവച്ചുതൊണ്ട് എഐ വെരിഫിക്കേഷൻ കമ്പനിയായ ഗെറ്റ് റിയല്‍ ലാബ്സും രംഗത്തുണ്ട്. ‘ഞങ്ങളുടെ ഇൻസ്പെക്റ്റ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് കുറച്ച് ഫ്രെയിമുകൾ എക്‌സ്‌ട്രാക്റ്റ് ചെയ്ത് വിശകലനം ചെയ്തു. ദൃശ്യങ്ങള്‍ സിന്തറ്റിക് ആണെന്ന് ഞങ്ങളുടെ മോഡലുകൾ സ്ഥിരീകരിക്കുന്നു’ ഗെറ്റ് റിയല്‍ ലാബ്സ് പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ദൃശ്യങ്ങള്‍ പങ്കിട്ട റോയിറ്റേഴ്സ് അടക്കമുളള് വാര്‍ത്താ ഏജന്‍സികളും ദൃശ്യങ്ങള്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അഞ്ച് വർഷത്തെ മാത്രം പരിചയമുള്ള ബി-ലെവൽ പാരാഗ്ലൈഡറാണ് പെങ്. അദ്ദേഹത്തിന്‍റെ അതിജീവന കഥ ഓണ്‍ലൈനില്‍ വൈറലായതിന് പിന്നാലെ പ്രശംസിച്ച് ആളുകളുമെത്തിയിരുന്നു. എന്നാല്‍ പിന്നാലെയുണ്ടായ നടപടിയുമുണ്ടായി. ആറ് മാസത്തേക്ക് പറക്കുന്നതിന് പെങിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഫ്ലൈറ്റ് പ്ലാൻ സമർപ്പിക്കാത്തതിനും അനുവാദമില്ലാതെ വിഡിയോ ഓൺലൈനിൽ പങ്കിട്ടതിനുമാണ് നടപടി.