ചൈനയിലെ ഗാൻസു പ്രവിശ്യയില്‍ ക്വിലിയൻ പർവതനിരകള്‍ക്കിടയിലൂടെ പറക്കുമ്പോള്‍ അനുഭവപ്പെട്ട ശക്തമായ ‘ക്ലൗഡ് സക്ക്’ അനുഭവം പങ്കുവച്ച് പെങ് യുജിയാങ് എന്ന ചൈനീസ് പാരാഗ്ലൈഡര്‍. വായുവിന്‍റെ അതിശക്തമായ മുകളിലേക്കുള്ള പ്രവാഹത്തില്‍പ്പെട്ട് മേഘങ്ങള്‍ക്കിടയിലേക്ക് വലിച്ചെടുക്കപ്പെടുന്നതിനെയാണ് ‘ക്ലൗഡ് സക്ക്’ എന്ന് പറയുന്നത്. ശക്തമായ ഈ പ്രതിഭാസത്തെ തുടര്‍ന്ന് എവറസ്റ്റിനോളം ഉയരത്തിലേക്കാണ് പാരാഗ്ലൈഡര്‍ ഉയര്‍ന്നു പൊങ്ങിയത്.
28200 അടിയിലേക്കാണ് താന്‍ ഉയര്‍ന്നുപൊങ്ങിയതെന്ന് പെങ് യുജിയാങ് പറയുന്നു. എവറസ്റ്റ് കൊടുമുടിയുടെ ഉയരമാകട്ടെ 29,030 അടിയാണ്. ഓക്സിജൻ മാസ്കുകൾ പോലുമില്ലാതെ പരിശീലനത്തിലായിരുന്നു പെങ്. ശരീരം കോച്ചുന്ന തണുപ്പിനെയും മഞ്ഞുവീഴ്ചയെയും അദ്ദേഹം അതിജീവിക്കുകയായിരുന്നു. ഇത്തരം പ്രതിഭാസങ്ങളില്‍ അതിശക്തമായ ഇടിമിന്നലുകളുമുണ്ടാകാനും സാധ്യത കൂടുതലാണ്. 28200 അടി ഉയരത്തില്‍ -40°C താപനിലയില്‍ 72 മിനിറ്റ് നീണ്ടുനിന്ന മുഴുവൻ പറക്കലും പെങ് റെക്കോര്‍ഡ് ചെയ്യുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കിടുകയും ചെയ്തു.
‘കൈകൾ മരവിച്ചുപോയപ്പോഴും പാരച്യൂട്ട് ശരിയായി നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോളുമാണ് ഗുരുതരമായ സാഹചര്യത്തിലാണെന്ന് മനസിലായത്. മുഖവും വിരലുകളും മഞ്ഞുകൊണ്ട് മൂടിയിരുന്നു. ദിശയറിയാന്‍ പറ്റാത്ത അവസ്ഥ. കോമ്പസ് ഇല്ലായിരുന്നെങ്കിൽ ഏത് വഴിക്കാണ് പോകുന്നതെന്ന് മനസിലാക്കാന്‍ പോലും സാധിക്കില്ലായിരുന്നു. നേരെ പറക്കുകയാണെന്നാണ് ഞാൻ കരുതിയത്. പക്ഷേ വാസ്തവത്തിൽ, ഞാൻ കറങ്ങുകയായിരുന്നു’ അദ്ദേഹം ചൈന മീഡിയ ഗ്രൂപ്പിനോട് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മേഘത്തിനുള്ളിൽ എത്തുന്നതുവരെ കാറ്റ് തന്നെ കൂടുതൽ കൂടുതൽ ഉയരത്തിലേക്ക് ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷത്തെ മാത്രം പരിചയമുള്ള ബി-ലെവൽ പാരാഗ്ലൈഡറാണ് പെങ്. അദ്ദേഹത്തിന്‍റെ അതിജീവന കഥ ഓണ്‍ലൈനില്‍ വൈറലായതിന് പിന്നാലെ പ്രശംസിച്ച് ആളുകളുമെത്തി. എന്നാല്‍ പിന്നാലെയുണ്ടായ നടപടി പെങിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു. ആറ് മാസത്തേക്ക് പറക്കുന്നതിന് പെങിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഫ്ലൈറ്റ് പ്ലാൻ സമർപ്പിക്കാത്തതിനും അനുവാദമില്ലാതെ വിഡിയോ ഓൺലൈനിൽ പങ്കിട്ടതിനുമാണ് നടപടി. എന്നാല്‍ സ്വന്തം അനുഭവം പങ്കുവയ്ക്കുന്നതിന് എന്തിനാണ് വിലക്കെന്ന് ചോദിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.