ഏപ്രില്‍ ആദ്യം വാരം നടക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണത്തിന്‍റെ കാഴ്ചകള്‍ക്ക് കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം. എന്നാല്‍ ഇതിനോടൊപ്പം വീണ്ടും ചര്‍ച്ചയാകുന്ന മറ്റൊന്നാണ് ഒരു ‘പ്രേത നിഴലി’ന്‍റെ ചിത്രം. എന്തായിരുന്നു ആ ഗോസ്റ്റ് ഷാഡോയ്ക്ക് പിന്നില്‍?
1999 ഓഗസ്റ്റ് ഒന്നിന് നിലവില്‍ പ്രവര്‍ത്തന രഹിതമായിരിക്കുന്ന മിര്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണിത്. ചന്ദ്രന്‍റെ നിഴല്‍ ഭൂമിയുടെ ഉപരിതലത്തില്‍ വൃത്താകൃതിയില്‍ ഇരുണ്ടിരിക്കുന്നതാണ് ചിത്രത്തില്‍. മണിക്കൂറിൽ 2000 കിലോമീറ്റർ വേഗതയിൽ ഭൂമിയുടെ ഉപരിതലത്തിലൂടെ ഈ പ്രതിഭാസം സഞ്ചരിച്ചു എന്നാണ് നാസ പറയുന്നത്. 2001ൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് മുമ്പ് മിർ ബഹിരാകാശ നിലയത്തിൽ നിന്ന് പകര്‍ത്തിയ സുപ്രധാന സംഭവങ്ങളിലൊന്നായിരുന്നു ഇത്.
അറ്റ്ലാൻ്റിക് സമുദ്രത്തില്‍ നിന്ന് യാത്ര ആരംഭിത്ത ഈ നിഴല്‍ മധ്യ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങള്‍ക്ക് മുകളിലൂടെ സഞ്ചരിച്ച് സൂര്യാസ്തമയത്തോടെ ബംഗാൾ ഉൾക്കടലിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു. ഈ നിഴൽ വ്യാപിച്ചിരുന്ന സ്ഥലങ്ങളിലുള്ളവര്‍ക്ക് ഗ്രഹണത്തിന്‍റെ പൂര്‍ണത അനുഭവിക്കാന്‍ സാധിച്ചിരുന്നു. അവിടെ ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറച്ച് പകലിനെപ്പോലും രാത്രിയാക്കി മാറ്റി. ഇന്ത്യയിലടക്കം ദൃശ്യമായ സമ്പൂര്‍ണ സൂര്യഗ്രഹണമായിരുന്നു അത്. ഈ നിഴലിന്‍റെ അരികിലുള്ള ഇടങ്ങളിലാകട്ടെ ഭാഗിക സൂര്യഗ്രഹണമാണ് അനുഭവപ്പെട്ടത്.
അതേസമയം ഇത്തവണ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് ഏപ്രില്‍ എട്ടിന് നടക്കുക. വടക്കേ അമേരിക്കയിലായിരിക്കും ഇത്തവണ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമാകുക. 2017 ഓഗസ്റ്റ് 21ന് അമേരിക്കയില്‍ അനുഭവപ്പെട്ട സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് ശേഷം ആറു വര്‍ഷങ്ങള്‍ക്കും ഏഴ് മാസവും 18 ദിവസത്തിനും ശേഷമാണ് അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം എത്തുന്നത്.
സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണു സമ്പൂര്‍ണ സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.
Image captured on August 11, 1999, shows the Moon's shadow casting a dark circle over Earth.