കുന്നമംഗലംകാരുടെ സ്വന്തം പോസ്റ്റ്മാന്‍ കുഞ്ഞിക്ക ഇന്ന് വിരമിക്കും. നാലുപതിറ്റാണ്ട് നീണ്ട സേവനത്തിനുശേഷം പെന്‍ഷനോ മറ്റ് വലിയ ആനുകൂല്യങ്ങളോ ഇല്ലാതെയാണ് കുഞ്ഞിക്കയെന്ന കുഞ്ഞിക്കാമു പോസ്റ്റോഫീസിന്‍റെ പടിയിറങ്ങുന്നത്.
നാല്‍പത്തിരണ്ട് വര്‍ഷം, ഓരോ വീടും ഇടവഴിയും കുഞ്ഞിക്കയ്ക്ക് സുപരിചിതമാണ്. വന്നവരും നിന്നവരുമെല്ലാം പ്രിയപ്പെട്ടവര്‍..
കുന്നമംഗലം സബ് പോസ്റ്റ് ഓഫീസില്‍ ടെലിഗ്രാം മെസഞ്ചര്‍ ആയാണ് ജോലിയില്‍ പ്രവേശിക്കുന്നത്. ഇന്ന് വിരമിക്കുമ്പോള്‍ ഇ ഡി പോസ്റ്റ് മാന്‍.
സീനിയോരിറ്റി ലിസ്റ്റില്‍പോലും പെടാതെ പ്രമോഷനില്ലാതെ ഇ ഡിയായിതന്നെ വിരമിക്കേണ്ട അവസ്ഥ. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മാസം 138 രൂപയായിരുന്നു ശമ്പളം. പങ്കാളിത്ത പെന്‍ഷന്‍ നല്‍കാന്‍വേണ്ടി മാസം 300 രൂപ സര്‍ക്കാര്‍ ഇപ്പോള്‍ ശമ്പളത്തില്‍ നിന്ന് പിടിക്കുന്നുണ്ട്. പക്ഷെ കിട്ടുമെന്ന് പ്രതീക്ഷയൊന്നുമില്ല
നാളെ മുതല്‍ നാട്ടുവഴിയിലൂടെയുള്ള ഈ നടപ്പുണ്ടാകില്ല. എങ്കിലും പരിഭവമില്ല. എല്ലാവീട്ടിലും കയറി യാത്ര പറയാനും മറന്നില്ല. കത്തുകളേറെ കൊടുക്കാനുണ്ടെന്ന ചിന്ത ആ കാലടികളുടെ വേഗം കൂട്ടി.