സാമ്പത്തിക പ്രതിസന്ധിക്ക് നടുവിലും പി.എസ്.സി അംഗങ്ങൾക്കടക്കം വേണ്ടപ്പെട്ടവർക്കെല്ലാം വാരിക്കോരി ആനുകൂല്യങ്ങൾ നൽകുന്ന സർക്കാർ നിർമാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് നൽകാനുള്ളത് 17 മാസത്തെ പെൻഷൻ. ജീവിത കാലം മുഴുവൻ നിർമാണമേഖലയിൽ പണിയെടുത്ത് ആരോഗ്യം തകർന്ന് നിർധനാവസ്ഥയിൽ കഴിയുന്ന നാലു ലക്ഷത്തോളം പേർക്കാണ് മാസങ്ങളായി തുച്ഛമായ പെൻഷൻ മുടങ്ങിയിരിക്കുന്നത്. വിവാഹം,ചികിൽസ, വിദ്യാഭ്യാസം, മരണാനന്തര സഹായം അടക്കമുള്ളവയും രണ്ടു വർഷമായി മുടങ്ങിയിരിക്കുകയാണ്.
നിർമാണ തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് നിലവിൽ നാലു ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുന്നത്. പുതുതായി അപേഷ നൽകിയിരിക്കുന്ന രണ്ടു ലക്ഷത്തോളം പേർക്ക് പെൻഷൻ അനുവദിക്കാനുണ്ട്. ക്ഷേമനിധി അംഗത്വപെൻഷൻ, കുടുംബ പെൻഷൻ, സാന്ത്വന സഹായം, അവശതാ പെൻഷൻ എന്നീ വിഭാഗങ്ങളിൽ 1600 രൂപയാണ് മാസം തോറുംപെൻഷൻ. 17 മാസത്തെ പെൻഷൻ കുടിശിക തീർക്കുന്നതിന് 1018 കോടി രൂപയാണ് വേണ്ടത്. വിവാഹം, ചികിൽസ, പ്രസവം, മരണം ഇവയ്ക്കുള്ള സഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്നിവ രണ്ടു വർഷമായി നൽകുന്നില്ല. 2016ൽ യു.ഡി.എഫ് സർക്കാർ ഒഴിയുമ്പോൾ നിർമാണ ക്ഷേമനിധിയിൽ വിവിധ ബാങ്കുകളിലും ട്രഷറിയിലുമായി 900 കോടിരൂപ മിച്ചമുണ്ടായിരുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിർമാണ തൊഴിലാളി ക്ഷേമനിധിയിലുണ്ടായിരുന്ന 550 കോടി രൂപ സർക്കാർ എടുത്തത് തിരികെ നൽകിയിട്ടില്ല. ചുമട്ടുതൊഴിലാളി, മോട്ടോർ തൊഴിലാളി ക്ഷേമനിധികളിൽ നിന്ന് 250 കോടി രൂപ നിർമാണ തൊഴിലാളി ക്ഷേമനിധി വായ്പ എടുത്തിട്ടുണ്ട്. സംസ്ഥാനത്താകെ ഏഴുലക്ഷം പേരാണ് ക്ഷേമിനിധി അംഗങ്ങൾ. ക്ഷേമിനിധിയുടെ പ്രധാന വരുമാനം സെസാണ്. നേരത്തെ തൊഴിൽവകുപ്പ് പിരിച്ചിരുന്ന സെസ് ഇപ്പോൾ തദ്ദേശസ്ഥാപനങ്ങളാണ് പിരിക്കുന്നത്. നിർമാണ കരാറുകാരിൽ നിന്ന് ബിൽ തുകയുടെ ഒരു ശതമാനം ക്ഷേമനിധി വിഹിതമായും ഈടാക്കുന്നുണ്ട്. 60 വയസു വരെ 45 രൂപ വീതം തൊഴിലാളികൾ മാസം തോറും ക്ഷേമനിധി വിഹിതമായി നൽകണം. ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന ഭൂരിപക്ഷവും നിർധനരും രോഗികളുമാണ്. ക്ഷേമനിധിയിൽ നിന്ന് സർക്കാർ വകമാറ്റിയ 550 കോടി തിരിച്ചു കൊടുത്താൽ ഏതാനും മാസത്തെയെങ്കിലും പെൻഷൻ കുടിശിക നൽകാനാകും.