എഴുത്തുകാരന്റെ അന്തസ് എക്കാലവും ഉയർത്തിപ്പിടിച്ച വ്യക്തിയാണ് എം.ടി. വാസുദേവൻ നായരെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിന്റെ മഹാസാഹിത്യകാരൻ എം ടി വാസുദേവൻ നായർക്കുള്ള നവതി ആദരമായിരുന്നു വേദി. മനോരമ ഓൺലൈനിന്റെ 'എം.ടി കാലം നവതിവന്ദനം' പരിപാടിയിൽ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർ സ്നേഹവും ആദരവും അര്‍പ്പിച്ചു.

മനോരമയുടെ സുവർണ മുദ്ര മമ്മൂട്ടിയും മോഹൻലാലും എം.ടിക്ക് സമ്മാനിച്ചു. ഭാഷാപോഷിണി മുൻ എഡിറ്റർ കെ.സി.നാരായണൻ നയിച്ച എംടിയെ കുറിച്ചുള്ള സെഷനിൽ സാഹിത്യരംഗത്തെ പ്രമുഖരായ ഇ.സന്തോഷ് കുമാർ,കെ.രേഖ, ഫ്രാൻസിസ് നൊറോണ,ടി.ഡി.രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

മനോരമ പബ്ലിക്കേഷൻസിന്റെ  'എംടി: കാലം കാലാതീതം' എന്ന പുസ്തകം മോഹൻലാലിൽ നിന്ന് അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി. എംടി സമ്പൂർണ കൃതികളുടെ പ്രഖ്യാപനവും  അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു. മനോരമ ബുക്സ് പുറത്തിറക്കുന്ന എംടി കഥകളുടെ ഓഡിയോ ബുക്കിന്റെ ലോഞ്ച് മമ്മൂട്ടി നിർവഹിച്ചു.  ജോയ് ആലുക്കാസ് രചിച്ച സ്പ്രെഡിങ് ജോയ് എന്ന പുസ്തകം എംടിക്ക് സമ്മാനിച്ചു. മുത്തൂറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ആൻഡ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെ ആർ ബിജിമോൻ എംടിക്ക്  ഉപഹാരം സമർപിച്ചു.  

 

നടി ശോഭനയുടെയുടെ നൃത്തവും  എം ടി കഥാപാത്രങ്ങളെ കോർത്തിണക്കി  പ്രശാന്ത് നാരായണൻ ഒരുക്കിയ നാടകവും അരങ്ങേറി. എം.ടിയുടെ മകൾ അശ്വതി വി നായർ  ,മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മറിയം മാമ്മൻ മാത്യു ,മലയാളം മനോരമ സീനിയർ അസോഷിയേറ്റ് എഡിറ്റർ ജോസ് പനച്ചിപ്പുറം തുടങ്ങിയവർ  പങ്കെടുത്തു.