ജീവിച്ചിരുന്നെങ്കില്‍ എം ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 92 വയസാകുമായിരുന്നു. എം.ടി വിടപറഞ്ഞശേഷമുള്ള ആദ്യപിറന്നാള്‍. ആഘോഷങ്ങളോട് എന്നും മുഖം തിരിച്ചിരുന്ന എംടിക്ക് എല്ലാ പിറന്നാളും സാധാരണ ദിനം തന്നെയായിരുന്നു. ആശംസകള്‍ നേരാന്‍ മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരന്‍ ഇല്ലെന്ന വ്യത്യാസം മാത്രം.
കാലത്തിന്‍റെ പടിക്കെട്ടും കടന്ന് എം ടി പോയതിനുശേഷം ആദ്യമായിട്ടാണ് ഈ വീട്ടിലേക്ക് വരുന്നത്. കോലായപ്പടിയിലെ ചാരുകസേരയില്‍ എം ടി ഇരിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ നടന്നുവരാന്‍ എനിക്കെന്നല്ല ആര്‍ക്കും ധൈര്യം ഉണ്ടാകില്ല. സങ്കടമായാലും സന്തോഷമായാലും ഈ ചാരുകസേരയില്‍ നിര്‍വികാരതയോടെ എം ടി ഇരിക്കും. ഈ പിറന്നാള്‍ ദിനത്തില്‍ എം ടി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിലും ആ കാഴ്ചയ്ക്ക് മാറ്റമൊന്നും ഉണ്ടാകുമായിരുന്നില്ല. വരുന്നവര്‍ ആശംസകള്‍ നേര്‍ന്നുമടങ്ങും.. അത്രമാത്രം..രണ്ട് വര്‍ഷം മുമ്പ് പിറന്നാള്‍ ദിനത്തിലാണ് എംടി ഇതേ കസേരയിലിരുന്ന് മനോരമ ന്യൂസിനോട് മനസ് തുറന്നത്.
സ്വീകരണമുറിയില്‍ എംടിയുടെ കസരയ്ക്ക് മുന്നില്‍ എപ്പോഴും ഒരു പിടി പുസ്തകങ്ങള്‍ ഉണ്ടാകും. ഇപ്പോഴും അതിന് മാറ്റമൊന്നുമില്ല. എഴുത്തുകള്‍ പോലെ തന്നെ കാലാതീതമായിരുന്നു എംടിയുടെ വാക്കുകളും. ജനനം പോലെ മരണവും ഒരാഘോഷമാണെന്ന് എഴുതിയ എംടിയുടെ രചനകള്‍ ഓരോ വര്‍ഷം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ആഘോഷിക്കപ്പെടുകയാണ്.