എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ ആദ്യ ഭാര്യ പ്രമീള നായരെക്കുറിച്ചുള്ള പുസ്തകം 'എംടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍' പിന്‍വലിക്കണമെന്ന് എംടിയുടെ കുടുംബം. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പുസ്തകങ്ങളിലുള്ളതെന്ന് എംടിയുടെ മകള്‍ അശ്വതി മനോരമ ന്യൂസിനോട് പറഞ്ഞു. പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ചവരെ തേജോവധം ചെയ്യുകയാണ് പുസ്തകത്തിന്‍റെ രചയിതാക്കളായ ദീദി ദാമോദരനും എച്ച്മു കുട്ടിയും ചേര്‍ന്ന് ചെയ്തത് എന്നാണ് എംടിയുടെ കുടുംബത്തിന്‍റെ ആക്ഷേപം. പ്രമീള നായരുടെ ജീവിതമെന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും കുടുംബം പറയുന്നു.
പ്രമീള നായര്‍ മരിച്ചിട്ട് 26 വര്‍ഷവും എംടി മരിച്ചിട്ട് ഒരു വര്‍ഷവും പിന്നിടുന്ന ഘട്ടത്തിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. പ്രമീളയുടെ മകളായ സിത്താരയോടോ തന്നോടോ രചയിതാക്കള്‍ പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും പറഞ്ഞുകേട്ട അറിവുകള്‍ വെച്ചെഴുതി പുസ്തകം പുറത്തിറക്കിയതിന്‍റെ ഉദ്ദേശശുദ്ധിയെ സംശയത്തോടെ കാണുന്നുവെന്നും അശ്വതി പറഞ്ഞു.
അതേസമയം, ആരേയും വ്യക്തി പരമായി വേദനിപ്പിക്കാനുദ്ദേശിച്ചിരുന്നില്ലെന്ന് പുസ്തകത്തിന്റെ രചയിതാവ് ദീദി ദാമോദരൻ പറഞ്ഞു. പുസ്തകം എം.ടിയെക്കുറിച്ചല്ല. പുസ്തകം പ്രമീള നായര്‍ എന്ന എഴുത്തുകാരിയെക്കുറിച്ചാണ്. പുസ്തകം വായിക്കാതെയാണ് ഇപ്പോഴുള്ള വിമര്‍ശനം. എം.ടിയെക്കുറിച്ചല്ലാത്തതിനാല്‍ അനുവാദം വേണ്ടെനനും ദീദി ദാമോദരന്‍ പറഞ്ഞു.