സമൂഹത്തിന്‍റെ ചിന്തകളെ സ്വാധീനിക്കുന്ന എം.ടി. എന്ന തണല്‍ എന്നുമുണ്ടായിരുന്നെങ്കിലെന്ന് ആശിക്കുന്നവരാണ് വായനക്കാരിലേറെയും. എഴുത്തുകാര്‍ക്ക് അവരുടെ മൂല്യമുയര്‍ത്തിയ വിളക്കുമാടമാണ് അന്നും ഇന്നും എന്നും എം.ടി.
1995 ല്‍ ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.–"എഴുത്തുകാരന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. പല പ്രതിസന്ധികളും ഉണ്ടെങ്കിലും, അത്രയൊന്നും അഭിനന്ദിക്കപ്പെടുന്നതല്ല തന്‍റെ കര്‍മമെന്നറയുന്നുവെങ്കിലും, അയാള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു"......... വാസ്തവത്തില്‍ ലോകത്തിലെ എല്ലാഎഴുത്തുകാരുടെയും മനസ് തുറന്നുകാട്ടുകയായിരുന്നു എം.ടി. ഇന്ന് ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് എം.ടിയില്ലാത്ത, എം.ടിയുടെ ആദ്യ ജന്മദിനം.
എം.ടി വീണ്ടും പറയുന്നു–" തന്‍റെ ചുറ്റുമുള്ള ജീവിതദുരിതങ്ങള്‍ക്ക് അയാള്‍ സാക്ഷിയാണ്.അയാള്‍ എഴുത്തുകാരനായതുകൊണ്ട് ശരാശരി പൗരനെക്കാള്‍ അയാളില്‍ അസ്വാസ്ഥ്യവും വേദനയും പ്രതികരണവും നീണ്ടുനില്‍ക്കുന്നു. സത്യത്തിന്‍റെ ശിഥിലീകരണവും മനുഷ്യ ചൈതന്യത്തിനേല്‍ക്കുന്ന പീഡനവും അയാളെ അഗാധമായി വേദനിപ്പിക്കുന്നു............"–എം.ടി തന്നെത്തന്നെ വരച്ചിടുകയായിരുന്നു ഇവിടെ.. വായനക്കാര്‍ക്ക് മാത്രമല്ല, എഴുത്തുകാര്‍ക്കും എം.ടി തെളിച്ചിട്ട വഴി പ്രകാശപൂരിതം. ജൂലൈ 15 നും ഡിസംബര്‍ 25 നും മാത്രം ഓര്‍ക്കേണ്ടവയല്ല ഇതൊക്കെ, അല്ലെങ്കിലും മറന്നിട്ടുവേണ്ടേ ഓര്‍മിക്കാന്‍...