preitynew-29

സ്വന്തം ടീമിലെ താരങ്ങള്‍ക്കായി വിദേശത്ത് വച്ച് ആലൂപറാത്തയുണ്ടാക്കി നല്‍കിയെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരവും പഞ്ചാബ് കിങ്സ് ഇലവന്റെ സഹഉടമയുമായ പ്രീതി സിന്റ. 2009 ല്‍ ദക്ഷിണാഫ്രിക്കയില്‍ വച്ച് ഐപിഎല്‍ നടന്നപ്പോഴാണ് താന്‍ ഈ 'സാഹസം' ചെയ്തതെന്നും അന്നത്തോടെ ആലൂപറാത്തയുണ്ടാക്കുന്നത് നിര്‍ത്തിയെന്നും പ്രീതി പറഞ്ഞു. സ്റ്റാര്‍ സ്പോര്‍സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. സംഭവം കേട്ടു നിന്ന ഹര്‍ഭജന്‍ സിങ്.. 'ഇര്‍ഫാന്‍ഖാന്‍ മാത്രം 20 എണ്ണം കഴിച്ചെ'ന്നും കൂട്ടിച്ചേര്‍ത്തത് കൂട്ടച്ചിരി പടര്‍ത്തി. 

പ്രീതി സിന്റ ടീമംഗങ്ങള്‍ക്ക് ആലൂപറാത്തയുണ്ടാക്കി നല്‍കിയെന്ന് താന്‍ കേട്ടുവെന്നും അതോടെ ടീമിലുണ്ടായിരുന്നവര്‍ ആലൂ പറാത്ത കഴിക്കുന്നത് അവസാനിപ്പിച്ചുവെന്നുമുള്ള അവതാരകയുടെ കമന്റിനോടാണ് പ്രീതി പഴയ കഥ പറഞ്ഞത്. ' ദക്ഷിണാഫ്രിക്കയില്‍ ചെന്നപ്പോള്‍ നല്ല പറാത്തയല്ല ലഭിച്ചത്. ഇതോടെ പറാത്തയെങ്ങനെ ഉണ്ടാക്കാമെന്ന് പഠിപ്പിച്ച് തരാമെന്ന് ഞാന്‍ റസ്റ്റൊറന്റുകാരോട് പറഞ്ഞു. ഇതുകേട്ടയുടനെ ടീമംഗങ്ങള്‍, താന്‍ ഉണ്ടാക്കി നല്‍കുമോ എന്ന് ചോദിച്ചു. അടുത്ത കളി ജയിച്ചു വന്നാല്‍ ഞാന്‍ പറാത്തയുണ്ടാക്കി തരാമെന്ന് ഏല്‍ക്കുകയും ചെയ്തു. അടുത്ത കളി ടീം ജയിച്ചു. ഈ ആണ്‍കുട്ടികള്‍ എന്തുമാത്രം ഭക്ഷണം കഴിക്കുമെന്ന് അന്നാണ് എനിക്ക് ഒരു ധാരണയുണ്ടായത്. 120 പറാത്തയാണ് ഞാന്‍ അന്നുണ്ടാക്കിയത്. അതോടെ ആലൂ പറാത്തയുണ്ടാക്കല്‍ നിര്‍ത്തി' പ്രീതി പറ​ഞ്ഞു. 

വെള്ളിയാഴ്ച നടന്ന ഐപിഎല്‍ മല്‍സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനോട് കിങ്സ് ഇലവന്‍ പരാജയപ്പെട്ടിരുന്നു.

 

Preity Zinta reveals she once made 120 aloo paranthas for Punjab Kings players