• ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനെ പുകഴ്ത്തി രാഹുൽ ഗാന്ധി. സ്റ്റാലിനെ തന്റെ സഹോദരനെന്ന് വിശേഷിപ്പിച്ച രാഹുൽ, തമിഴ്നാട് വിരുദ്ധ ശക്തികൾക്കെതിരെ പാറപോലെ ഉറച്ചുനിന്ന നേതാവാണ് അദ്ദേഹമെന്നും എക്സില്‍ കുറിച്ചു

ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനെ പുകഴ്ത്തി രാഹുൽ ഗാന്ധി. സ്റ്റാലിനെ തന്റെ സഹോദരനെന്ന് വിശേഷിപ്പിച്ച രാഹുൽ, തമിഴ്നാട് വിരുദ്ധ ശക്തികൾക്കെതിരെ പാറപോലെ ഉറച്ചുനിന്ന നേതാവാണ് അദ്ദേഹമെന്നും എക്സില്‍ കുറിച്ചു. ഇന്ത്യാ മുന്നണിയിലെ മുതിർന്ന നേതാക്കളോടൊപ്പം ചെന്നൈയിലെത്തി സ്റ്റാലിനെ നേരിൽ കാണുമെന്നും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകളെ എതിർക്കണമെന്ന് അദ്ദേഹത്തോടും ഡിഎംകെയോടും അഭ്യർഥിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. അതേസമയം, ചരിത്രം ഞങ്ങളെ ചതിയന്മാരെന്ന് വിളിക്കില്ല ബ്രദര്‍ എന്ന് സ്റ്റാലിന്‍ മറുപടി നല്‍കി.    Also Read: 'വിജയ് മതപരിവര്‍ത്തനം നടത്തുന്നു; കാശി സംഗമത്തിനുള്ള ക്ഷണം നിരസിച്ചു'; ആരോപണവുമായി കേന്ദ്രമന്ത്രി

ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നത് ഇന്ത്യയിലെ ജനാധിപത്യത്തിന് വലിയ ഭീഷണിയാകുമെന്നാണ് രാഹുലിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ മുഴുവൻ തിരഞ്ഞെടുപ്പ് ഭൂപടവും തങ്ങൾക്ക് അനുകൂലമായി പുനർനിർണയിക്കാൻ ബിജെപി-ആർഎസ്എസ് ശക്തികൾക്ക് ഈ നീക്കം അവസരം നൽകുമെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാടിന്റെ താൽപ്പര്യങ്ങളും ദേശീയ താൽപ്പര്യവും ഭരണഘടനയുടെ സംരക്ഷണവും മുൻനിർത്തി ബില്ലിനെ പരാജയപ്പെടുത്താൻ ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി തന്റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രശംസയ്ക്ക് നന്ദി അറിയിച്ച് എം.കെ. സ്റ്റാലിനും രംഗത്തെത്തി. ഭരണഘടനയും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ ഡിഎംകെ വഹിച്ച ചരിത്രപരമായ പങ്കിനെ അംഗീകരിച്ച സഹോദരൻ രാഹുൽ ഗാന്ധിക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് സ്റ്റാലിൻ പ്രതികരിച്ചത്.

തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താൽപ്പര്യങ്ങൾക്കാണ് ഡിഎംകെ എക്കാലത്തും പ്രഥമ പരിഗണന നൽകിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ തീരുമാനവും ഈ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് കൈക്കൊണ്ടിട്ടുള്ളത്. ഈ നിലപാടിൽ നിന്ന് ഒരിക്കലും പിന്നോട്ടുപോകില്ലെന്നും സ്റ്റാലിൻ ഉറപ്പിച്ചു പറഞ്ഞു. ചരിത്രം ഡിഎംകെയെ എട്ടപ്പന്മാരായിട്ടല്ല, കട്ടബൊമ്മന്മാരായിട്ടായിരിക്കും വിലയിരുത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശവും സ്റ്റാലിന്‍ കുറിച്ചു.

അതേസമയം, മണ്ഡല പുനർനിർണയ ബില്ലിൽ ഡിഎംകെ സ്വീകരിക്കുന്ന അന്തിമ നിലപാടും കോൺഗ്രസ് നേതൃത്വവുമായുള്ള ചർച്ചകളും ദേശീയ രാഷ്ട്രീയത്തിൽ നിർണായകമാവുകയാണ്.

ENGLISH SUMMARY:

Rahul Gandhi has praised M.K. Stalin, calling him his brother and describing him as a strong defender of Tamil Nadu's interests. Rahul plans to meet Stalin in Chennai along with senior INDIA bloc leaders to urge the DMK to oppose the proposed Delimitation Bills. Stalin thanked Rahul for recognising the DMK's role in protecting the Constitution and state rights, asserting that Tamil Nadu's interests will always come first.