കോഴിക്കോട് താമരശേരിയിൽ സ്വകാര്യ ബസിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത് പ്രതികാരം തീർക്കാനായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. പ്രതികളിലൊരാൾ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്. ഇയാൾ കടം ചോദിച്ചപ്പോൾ പണം നൽകാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ പഴ്സ് തട്ടിപ്പറിച്ചു. സംഭവം അറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ ഇടപെട്ട് പഴ്സ് തിരികെ വാങ്ങുകയും ചെയ്തു. Also Read: സൂപ്പര്‍ ഫാസ്റ്റുമായി ഡ്രൈവറുടെ മരണപ്പാച്ചില്‍; കാല് നിലത്തുറച്ചില്ല; വലിച്ചിറക്കി നാട്ടുകാര്‍
ഇതിലുള്ള വൈരാഗ്യമാണ് ക്രൂരമായ പീഡനത്തിന് കാരണമായതെന്നാണ് പ്രതികളുടെ മൊഴി. പ്രതികാരം തീർക്കുന്നതിനായി പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ബസിലെ പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ബസിൽവെച്ച് നിരവധി തവണ പീഡിപ്പിച്ചെന്നും പ്രതികൾ സമ്മതിച്ചതായാണ് വിവരം.
അതേസമയം, കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണവും ഉയരുന്നുണ്ട്. 26ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും ഇന്നലെ ഉച്ചവരെ ബസ് സർവീസ് തുടർന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ബസ് കസ്റ്റഡിയിലെടുത്തത്.
പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കേസിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്നും താമരശേരി ഡിവൈഎസ്പി കെ.എ. ബോസ് മനോരമ ന്യൂസിനോട് പറഞ്ഞു.