കോഴിക്കോട് എസ്.എം.എ ബാധിതരായ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നടക്കുന്ന ധനസമാഹരണവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ചികിത്സാ സഹായ കമ്മിറ്റി. മന്ത്രിയുടെ പരാമർശങ്ങൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചെന്നും കമ്മിറ്റി ആരോപിച്ചു. വിമർശനം ശക്തമായതോടെ ഒടുവിൽ മന്ത്രി തന്റെ പ്രസ്താവന തിരുത്തി.
മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നാടൊന്നാകെ ധനസമാഹരണത്തിനായി പരിശ്രമിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം വിവാദമായത്. മന്ത്രിയുടെ പ്രസ്താവന ചികിത്സാ സഹായ പ്രവർത്തനങ്ങളെക്കുറിച്ച് തെറ്റായ ധാരണയുണ്ടാക്കുന്നതാണെന്നായിരുന്നു കമ്മിറ്റിയുടെ വിമർശനം. ആരോഗ്യമന്ത്രിയുടെ പരാമർശങ്ങൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് തിരുവമ്പാടി മുൻ എം.എൽ.എ ലിന്റോ ജോസഫും വ്യക്തമാക്കി.
തുടർന്ന് എസ്.എം.എ ചികിത്സാ സഹായ ക്യാംപെയ്നുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന മന്ത്രി കെ. മുരളീധരൻ തിരുത്തി. ജീൻ തെറാപ്പിയുടെ കാര്യം മാധ്യമങ്ങൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നില്ലെന്നും ചികിത്സാ സഹായ ക്യാംപെയ്നിൽ തെറ്റില്ലെന്നും മന്ത്രി വിശദീകരിച്ചു. അതേസമയം, ജീൻ തെറാപ്പി ആരോഗ്യവകുപ്പ് ശുപാർശ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് കുഞ്ഞുങ്ങള്‍ക്കുമായി ആകെ വേണ്ടത് 50 കോടി രൂപയാണ്. നിലവില്‍ മുപ്പത് കോടിക്ക് മുകളില്‍ മാത്രമാണ് പിരിച്ചെടുക്കാന്‍ കഴിഞ്ഞത്.