ജീവനൊടുക്കാൻ റെയിൽവേ ട്രാക്കിൽ കിടന്ന യുവാവിനെ രക്ഷിച്ച് കോട്ടയം ചിങ്ങവനം പൊലീസ്. എസ്ഐ അജ്മൽ ഷായും പൊലീസ് ഉദ്യോഗസ്ഥരുമാണ് യുവാവിനെ രക്ഷപ്പെടുത്തി ആശ്വാസമേകിയത്. വിഷമിക്കേണ്ടെന്നും തങ്ങളെല്ലാം ഒപ്പമുണ്ടെന്നും പൊലീസ് പറഞ്ഞതോടെ യുവാവിന് ആശ്വാസമായി. യുവാവിന്റെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ട്രാക്കില്‍ നിന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് കൊണ്ടുവന്ന യുവാവിനോട് പൊലീസ് കാര്യങ്ങള്‍ തിരക്കുന്നത് വിഡിയോയില്‍ കാണാം. പ്രണയനൈരാശ്യമാണ് യുവാവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. 'അവള് കയറുമെന്നാ പറഞ്ഞത്, വന്നില്ലെ'ന്ന് പറഞ്ഞപ്പോള്‍ 'അതിന്റെ പേരില്‍ നീ ആത്മഹത്യ ചെയ്താല്‍ അമ്മ, സഹോദരന്, കൂട്ടുകാര്‍..അവര്‍ക്ക് ആരുണ്ട്' എന്ന് എസ്ഐ അജ്മല്‍ ഷാ ചോദിക്കുന്നത് കേള്‍ക്കാം. അമ്മയ്ക്ക് കുഴപ്പമില്ല സാറേ എന്ന് പറയുമ്പോള്‍ അത് നിനക്കെങ്ങനെ പറയാന്‍ പറ്റുമെന്നും എടാ ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ലേ എന്നും എസ്ഐ പറയുന്നുണ്ട്.
'എടാ, ഞാന്‍ നിന്നെ സ്നേഹിക്കുന്നില്ലേ, നിന്റെ അനിയന് നിന്നെ സ്നേഹിക്കുന്നില്ലേ? നിനക്കൊരു പ്രശ്നമുണ്ടായപ്പോള്‍ ഞാനും ഈ പൊലീസുകാരും ഓടി വന്നില്ലേ? ഞാനോടി വരുമ്പോ ട്രെയിന്‍ അതിലേ വന്ന് അത് എന്റെ മേല്‍ കയറിയിരുന്നുവെങ്കിലോ? നീ എന്തേലും ചെയ്തുപോയാലോ എന്നോര്‍ത്ത് ഇരുട്ടത്ത് ഈ ട്രാക്കിലൂടെ ഞാനോടുകയായിരുന്നു. വേഗം എത്താന്‍. ഇത്രയും സ്നേഹം കാണിക്കുന്നില്ലേ? എനിക്ക് തള്ളിക്കളയാന്‍ പറ്റുന്ന ഒരാളാണെങ്കില്‍ ഞാനോടി വരുമോ? മനുഷ്യന്റെ ജീവന് വിലയില്ലേടാ'- എന്നായിരുന്നു സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ച് എസ്ഐയുടെ വാക്കുകള്‍.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)