മോഷ്ടാക്കളുടെ വാഹനത്തെ പൊലീസ് ചെയ്സ് ചെയ്യുന്ന ദൃശ്യം.

  • പെരിങ്ങോട്ടുകുറിശ്ശി ജ്വല്ലറി കവർച്ചാ സംഘം രക്ഷപ്പെട്ടത് പൊലീസ് ജീപ്പിന്റെ കാലപ്പഴക്കം മൂലമെന്ന് സൂചന. ദൃശ്യം പുറത്ത്.

പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജ്വല്ലറി കവർച്ചാ സംഘം തമിഴ്നാട്- ഗോപാലപുരത്ത് പൊലീസിനെ കബളിപ്പിച്ച് രക്ഷപെടാൻ കാരണം പൊലീസ് വാഹനത്തിന്റെ കാലപ്പഴക്കം. പൊലീസ് പ്രതികളുടെ കാറിനെ പിന്തുടർന്നെങ്കിലും പിടികൂടാൻ ആയില്ല. 

പ്രതികൾ സഞ്ചരിച്ച തമിഴ്നാട് റജിസ്ട്രേഷൻ കാറിനെ തമിഴ്നാട് ഗോപാലപുരം അതിർത്തിയായ മണ്ണൂരിൽ വെച്ചാണ് പൊലീസ് ജീപ്പ് ഒന്നര കിലോമീറ്ററോളം ദൂരം ചെയ്സ് ചെയ്തത്. ഇതിനിടെ കവർച്ചക്കാർ ചെറിയ വഴിയിലൂടെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. പോലീസ് ജീപ്പിന്റെ കാലപ്പഴക്കം ആണ് ചെയ്സിങ്ങിൽ തിരിച്ചടിയായതെന്ന് സൂചിപ്പിക്കുന്ന സംഭാഷണങ്ങൾ വിഡിയോയിലുണ്ട്. 

'നീ എന്താ സ്ളോ ആക്കുന്നേ? റോബറി കേസിലെ പ്രതിയാ അത്' എന്നാണ് പൊലീസ് ജീപ്പിനുള്ളിൽ നിന്നുള്ളൊരു സംസാരം. '100 കടന്നാ വണ്ടി കയ്യിൽ നിൽക്കില്ല സാറേ...' എന്നാണ് ഇതിനു മറുപടിയായി പറയുന്നത്. പട്ടാമ്പി സിഐയും കോട്ടായി എസ്ഐയും അടങ്ങുന്ന പൊലീസ് സംഘമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഡിണ്ടിഗൽ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്. 31 അംഗ പോലീസ് സ്‌ക്വാഡ് വിവിധ ഇടങ്ങളിലായി തിരിഞ്ഞാണ് അന്വേഷണം.

ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി 43 പവൻ സ്വർണാഭരണങ്ങളാണ് മോഷണം സംഘം ഇന്നലെ ജ്വല്ലറിയിൽ നിന്ന് കവർന്നത്. അതേസമയം ഈ കവർച്ചാസംഘം അങ്കമാലി കേന്ദ്രീകരിച്ച് ഒരു സ്വർണ വ്യാപാരിയുമായി ആശയവിനിമയം നടത്തിയതായി പൊലീസിന് സൂചന ലഭിച്ചു. അങ്കമാലി വഴി ഈ കാർ കടന്നുപോയിട്ടുണ്ട്. പ്രാദേശികമായി പ്രതികൾക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ENGLISH SUMMARY:

The gang behind the jewellery robbery at Peringottukurissi in Palakkad escaped a police chase near the Tamil Nadu–Gopalapuram border reportedly due to the old age of the pursuing police jeep. Footage obtained by Manorama News shows a police team carrying the Pattambi CI and Kottayi SI chasing the suspects' Tamil Nadu-registered car for about 1.5 km at Mannur before the robbers slipped away down a narrow lane, with conversations inside the vehicle indicating it becomes uncontrollable past 100 km/h. The suspects had robbed 43 sovereigns of gold jewellery at gunpoint the previous day after threatening staff. Police are now conducting a search centered around Dindigul with Tamil Nadu police using a 31-member squad while investigating leads that the car passed through Angamaly and the gang contacted a gold trader there with local assistance.