പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയില്‍ തോക്കിന് മുനയില്‍ നിര്‍ത്തി ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത് 43 പവന് സ്വര്‍ണം. പ്രതികളെ ചെറുക്കാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ കൂടുതൽ സ്വർണം നഷ്ടമായേനെയെന്ന് ജ്വല്ലറി ഉടമ സനാദും ഭാര്യ ശ്രീവിദ്യയും വ്യക്തമാക്കി. മോഷ്ടാക്കളെ ചെറുത്തതിന് ഇരുവരെയും മുഖ്യമന്ത്രി വി.ഡി. സതീശന് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ രക്ഷപ്പെട്ട പ്രതികൾക്കായി പഴനി–പൊള്ളാച്ചി കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്റെ നടുക്കത്തിൽ നിന്ന് സനാദും ശ്രീവിദ്യയും ഇനിയും മുക്തരായിട്ടില്ല. കമ്മലും നെക്ളേസും ഉള്‍പ്പെടെ 43 പവന്റെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ദിവസങ്ങളോളം ആസൂത്രണം ചെയ്ത് നടത്തിയ കവര്‍ച്ചയെന്നാണ് കോട്ടായി പൊലീസിന്റെ നിഗമനം. പ്രദേശം പരിചയമുള്ള ആള് ഇവരെ സഹായിച്ചിരിക്കാം. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരും ഒരു ഡൈവറുമാണ് പ്രതികള്‍. വെടിയുതിര്‍ത്തത് നാടന്‍ തോക്കില്‍ നിന്നാണെന്നാണ് പ്രാഥമിക നിഗമനം.