മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ യോഗം ചേര്‍ന്ന് ഇന്ത്യസഖ്യ നേതാക്കള്‍. കോണ്‍ഗ്രസിന് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, സിപിഐ, സിപിഎം, മുസ്ലിം ലീഗ്, ആര്‍എസ്പി എംപിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യ സഖ്യത്തിനു പുറത്ത് ഡിഎംകെ, എഎപി, ബിജെഡി കക്ഷികളെ ക്ഷണിച്ചെങ്കിലും പ്രതിനിധികളാരും പങ്കെടുത്തില്ല.
Also Read: 50% സീറ്റ് വർധന അംഗീകരിച്ചു; മണ്ഡല പുനർനിർണയ ബില്ലിന് ഡി.എം.കെ. പിന്തുണ
മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് പുറമേ രാഹുല്‍ ഗാന്ധി, ജയറാം രമേശ്, കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും യോഗത്തില്‍ പങ്കെടുത്തത്. ടിഎംസി എംപി അഭിഷേക് ബാനര്‍ജി, സ്വതന്ത്ര്യ രാജ്യസഭാ എംപി കബില്‍ സിബല്‍, ആര്‍ജെഡി നേതാവ് അഭയ് കുമാര്‍ സിങ്, മനോജ് ഷാ, സിപിഐ നേതാവ് പി. സന്തോഷ് കുമാര്‍, ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍, ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രന് എന്നിവരും യോഗത്തിനെത്തി.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും സമാജ്വാദി പാർട്ടിയും യോഗത്തിനെത്തിയില്ലെങ്കിലും ബില്ലിനെ എതിർത്ത് പ്രസ്താവനയിറക്കി. ജാർഖണ്ഡ് മുക്തിമോർച്ച ബില്ലിൽ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല. വിഷയം ചർച്ച ചെയ്യാൻ പാർട്ടി നേതാവ് ഹേമന്ത് സോറൻ യോഗം വിളിച്ചിട്ടുണ്ട്. ചർച്ചകൾക്ക് ശേഷം മണ്ഡല പുനർനിർണയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കുമെന്ന് ജെ.എം.എം വക്താവ് മനോജ് പാണ്ഡെ പറഞ്ഞു. ഡിഎംകെയും എന്‍സിപി ശരത് പവാര്‍ വിഭാഗവും ബില്ലിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ എന്‍ഡിഎ ഇതരകക്ഷിയായ ഭാരത് രാഷ്ട്ര സമിതിയും ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു. തെലങ്കാനയില്‍ നിന്നുള്ള പാര്‍ട്ടിക്ക് രാജ്യസഭയില്‍ മൂന്ന് എംപിമാരാണുളളത്.
മണ്ഡല പുനർ നിർണയ ബിൽ ജനാധിപത്യത്തിന് അപകടകരമെന്നാണ് മല്ലികാർജുൻ ഖർഗെയുടെ നിലപാട്. SC –ST വിഭാഗത്തിന് സീറ്റ് കൂടില്ല. പിന്നാക്ക വിഭാഗങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധം. പ്രതിപക്ഷപാർട്ടികളെ ഭിന്നിപ്പിച്ച് പിന്തുണ ഉറപ്പാക്കുന്നുവെന്നും ഖർഗെ വ്യക്തമാക്കി. ഇന്ത്യയുടെ ആത്മാവ് തകർക്കുന്ന ബില്ല് ഒരു കാരണവശാലും പാസാകരുതെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പ്രതികരിച്ചു.
അതേസമയം, വനിതാശാക്തീകരണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മണ്ഡലപുനർ നിർണയ ബില്ലിനെതിരായ എല്ലാ തടസങ്ങളും ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ മുഴുവൻ സ്ത്രീകളുടെയും പിന്തുണയുണ്ട്. സർക്കാരിന്റെ തീരുമാനം ഉറച്ചതാണ്. ശക്തി അചഞ്ചലമാണ്. ഉദ്ദേശം ശരിയായതാണ്. ബില്ലിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും മോദി പറഞ്ഞു.