കേന്ദ്ര സർക്കാറിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ നേരിടാൻ ഉറച്ച് കോൺഗ്രസ്. എന്ത് വില കൊടുത്തും മണ്ഡലപുനർനിർണയ ബില്ലിനെ എതിർക്കണമെന്ന നിലപാട് കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ഇന്ന് ഉച്ചയോടെ ഡൽഹിയിൽ സോണിയ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് പാർലമെന്ററി സ്ട്രാറ്റജി കമ്മിറ്റി യോഗം ചേർന്നിരുന്നു. കോൺഗ്രസിന് ഭൂരിപക്ഷമുണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കുമെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ വ്യക്തമാക്കി. കോൺഗ്രസ് ലോക്സഭാ, രാജ്യസഭാ എംപിമാരും പങ്കെടുത്തയി ഗൗരവ് ഗോഗോയ് പറഞ്ഞു. ശനിയാഴ്ച മറ്റു കക്ഷികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭയിലെ നിലവിലുള്ള അംഗസംഖ്യ നിലനിർത്തണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഗൗരഗ് ഗഗോയ് പറഞ്ഞു. നിലവിലുള്ള അംഗസംഖ്യയെ അടിസ്ഥാനമാക്കി 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കണം. ലോക്സഭയിലെ വിവിധ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യ അനുപാതം 25 വർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും ഗഗോയ് പറഞ്ഞു.
ഏപ്രിലിൽ പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിച്ചിരുന്നെങ്കിലും ഭരണഘടന ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഈ ബില്ലുകൾ പാർലമെന്റിൽ പാസാക്കാനായിരുന്നില്ല. ഏപ്രിലിൽ 54 പേരുടെ കുറവിലാണ് ബിൽ പാസാകാതിരുന്നത്. 352 പേരുടെ പിന്തുണയാണ് ബിൽ പാസാകാൻ വേണ്ടിയിരുന്നത്. 298 പേർ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. പഞ്ചാബിലെ അകാലിദൾ ബിജെപിയുമായി സഖ്യത്തിലേക്ക് എത്തിയതോടെ എൻഡിഎയ്ക്ക് ഒരു അംഗത്തിന്റെ പിന്തുണ ലഭിക്കും. തൃണമൂലിന്റെ 20 വിമത എംപിമാരുടെ പിന്തുണ എന്ഡിഎയ്ക്ക് ലഭിക്കും.
ലോക്സഭയിൽ പൂർണ ഹാജരുണ്ടെങ്കിൽ 360 പേരുടെ പിന്തുണയാണ് ആവശ്യം. ബിജെപിക്ക് 241 പേരുണ്ട്. സഖ്യ കക്ഷികളും ചേർന്നാൽ 319 പേർ വരും. ഇർക്കൊപ്പം എട്ട് എംപിമാരുള്ള ശരത് പവാർ വിഭാഗം ചേർന്നാൽ വിഭാഗം ചേർന്നാൽ 328 ആകും. ഡിഎംകെയുടെ 22 എംപിമാർ പിന്തുണച്ചാലും 350 പേരുടെ പിന്തുണ മാത്രമെ ലഭിക്കുകയുള്ളൂ. ഇവിടെയും 10 പേരുടെ കുറവ് എൻഡിഎയ്ക്കുണ്ട്. വൈഎസ്ആർ കോൺഗ്രസിന്റെ നാലു എംപിമാരുടെ പിന്തുണയും മറ്റു ചെറു പാർട്ടികളുടെ പിന്തുണയും ഉറപ്പക്കാനാണ് ബിജെപി ശ്രമിക്കുക.