ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ എബിവിപിയുടെ വിദ്യാർഥി നേതാവ് ഉൾപ്പെടെ നാലുപേര്‍ അറസ്റ്റില്‍. എം.ബി.പി.ജി കോളജിൽ എബിവിപി സ്ഥാനാർഥിയായി വിദ്യാർഥി യൂണിയൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ധീരജ് ബിഷ്ട്, നിതിൻ പാൽ, അൻഷ് ഖത്രി, ഹിമാൻഷു ഗോനി എന്നിവരാണ് അറസ്റ്റിലായത്.
നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിലാണ് സംഭവം. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഹോട്ടലിലെത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. പരാതി ലഭിച്ച് ആറ് മണിക്കൂറിനുള്ളിൽ നാലുപേരെയും അറസ്റ്റ് ചെയ്തതായി നൈനിറ്റാൾ പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ, സംഭവത്തിൽ കേന്ദ്രസർക്കാരിനെയും സംഘപരിവാർ സംഘടനകളെയും വിമർശിച്ച് സുപ്രീംകോടതി അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ബേട്ടി ബച്ചാവോ' മുദ്രാവാക്യത്തെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'എല്ലായിടത്തും ഒരേ കഥയാണ്. ബലാത്സംഗക്കേസിലെ പ്രതിക്ക് ബിജെപിയുമായി ബന്ധമുണ്ടാകും. മോദി ബേട്ടി ബച്ചാവോ എന്ന് പറഞ്ഞപ്പോൾ, സംഘി വേട്ടക്കാരിൽനിന്ന് സ്ത്രീകളെ രക്ഷിക്കാനുള്ള മുന്നറിയിപ്പാണെന്ന് കരുതിയില്ല' എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പരിഹാസം.
അതേസമയം, സംഭവത്തെ എബിവിപി അപലപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇരയ്ക്ക് നീതി ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.