ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിക്കാന്‍ അസദുദ്ദിൻ ഒവൈസി. ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദിന്‍റെ ആസാദ് സമാജ് പാര്‍ട്ടിയുമായി എഐഎംഐഎം സഖ്യത്തിലെത്തി. ഇന്ന് ലഖ്നൗവില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇരുപാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കുന്നതോടെ മുസ്‍ലിം–ദലിത് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ സാധിക്കും. ഇത് ഇന്ത്യസഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Also Read: 'ആ ജന്മദിനത്തിന് പാർട്ടി ഒരുക്കി രാഹുൽ കാത്തിരുന്നു, പക്ഷേ സുഹൃത്തുക്കളാരും വന്നില്ല'; സോണിയ
സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഇരുപാര്‍ട്ടികളും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണവും വ്യാഴാഴ്ച ലഖ്നൗവില്‍ നടക്കുന്ന വാര്‍ത്തസമ്മേളനത്തിലുണ്ടാകും. മുസ്‍ലിം, ദലിത് ആധിപത്യമുള്ള പടിഞ്ഞാറാന്‍ ഉത്തര്‍പ്രദേശിലെയും രോഹില്‍ഖണ്ഡ് മേഖലയിലെയും മണ്ഡലങ്ങളില്‍ സഖ്യം ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാധ്യത. യുപി രാഷ്ട്രീയത്തില്‍ താരതമ്യേന ചെറിയ പാര്‍ട്ടികളാണെങ്കിലും സമാജ്‍വാദി പാര്‍ട്ടിക്ക് അനുകൂലമായ ന്യൂനപക്ഷ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ സഖ്യത്തിനു സാധിക്കുമോ എന്നതാണ് ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കില്‍ അത് ബിജെപിക്ക് അനുകൂലമാകും.
ഉത്തര്‍പ്രദേശില്‍ 21 ശതമാനമാണ് ദലിത് ജനസംഖ്യ. 19 ശതമാനം മുസ്‍ലിങ്ങളാണ്. 40 ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടില്‍ സഖ്യത്തിന് എന്തുസ്വാധീനം ഉണ്ടാക്കാനാകും എന്നതാണ് ഫലത്തെ ബാധിക്കുക. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരിച്ചെങ്കിലും ഒരു സീറ്റിലും ജയിക്കാന്‍ സാധിച്ചിരുന്നില്ല. 95 സീറ്റില്‍ മത്സരിച്ച എഐഎംഐഎം 0.49 ശതമാനം വോട്ടാണ് നേടിയത്. ആസാദ് സമാജ് പാര്‍ട്ടി 100 സീറ്റില്‍ മത്സരിച്ചെങ്കിലും ലഭിച്ചത് 0.13 ശതമാനം വോട്ടു മാത്രമായിരുന്നു. അതേസമയം, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ നഗിന മണ്ഡലത്തില്‍ നിന്നും 1.50 ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖര്‍ ആസാദ് ജയിച്ചത്.
Also Read: ‘പ്രിയങ്കയ്ക്കും രാഹുലിനും ഒരു ചേട്ടനുണ്ടായിരുന്നു’; വിങ്ങുന്ന ഓര്‍മകളുമായി സോണിയ
പ്രധാന പ്രതിപക്ഷ നേതാക്കള്‍ സഖ്യത്തിനു തയ്യാറായില്ലെന്നും അതാണ് ചന്ദ്രശേഖര്‍ ആസാദിലേക്ക് എത്തിയതെന്ന് എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി പറഞ്ഞു. അഖിലേഷ് യാദവിനെതിരെ രൂക്ഷവിമര്‍ശനവുമായി രൂക്ഷവിമര്‍ശനവുമായി എഐഎംഐഎം വക്താവ് ഷദാബ് ചൗഹാന്‍ രംഗത്തെത്തി. ദളിതര്‍ക്കും മുസ്‍ലിങ്ങള്‍ക്കുമായി അഖിലേഷ് യാദവ് ഒന്നും ചെയ്തിട്ടില്ലെന്നും അല്ലെങ്കില്‍ ധന്‍രാജ് പരിമളിനെ രാജ്യസഭയിലേക്ക് അയക്കില്ലായിരുന്നുവെന്നും ഷദാബ് ആരോപിച്ചു.