• ഭരണഘടന അനുസരിച്ച് സുപ്രീംകോടതി ജഡ്ജിയെ പുറത്താക്കുന്ന അതേ പ്രക്രിയയാണ് തിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കുന്നതിനും ബാധകമാകുക. 2023 ലെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ആന്‍റ് അതര്‍ ഇലക്ഷന്‍ കമ്മിഷണേഴ്സ് (അപ്പോയിന്‍മെന്‍റ്, കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആന്‍റ് ടേം ഓഫ് ഓഫിസ്) നിയമം അനുസരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കും രാജി നേരിട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാം

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. പ്രതിപക്ഷം പുതിയ നോട്ടിസ് നല്‍കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വേണ്ട തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു ഓം ബിര്‍ലയുടെ പ്രതികരണം. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ നല്‍കിയ നോട്ടിസുകള്‍ ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും തള്ളിയിരുന്നു. സുപ്രീംകോടതി ജഡ്ജിയെ പുറത്താക്കാന്‍ സ്വീകരിക്കുന്ന അതേ നടപടിക്രമങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ബാധകമായിട്ടുള്ളതെന്നും സ്പീക്കര്‍ വ്യക്തമാക്കി. 

ജനാധിപത്യമാണ് ഇന്ത്യയുടെ ശക്തിയും സൗന്ദര്യവുമെന്നും ലോകത്ത് സംഭവിക്കുന്ന ഏതുകാര്യവും ഇന്ത്യയെയും സ്വാധീനിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിലെ അഭിപ്രായ സ്വാതന്ത്ര്യവും ചര്‍ച്ചകള്‍ക്കുള്ള ഇടവും ലോകത്തിനും പ്രയോജനപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്ഐആര്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ വിയോജിപ്പ് അറിയിച്ചിട്ടും ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തുവെന്നും പത്തുമാസത്തിനിടെ 14 വട്ടം തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായിരുന്ന സുഖ്ബിര്‍ സിങ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം വിയോജിപ്പ് അറിയിച്ചിരുന്നുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഗ്യാനേഷിന്‍റെ രാജിക്കായി പ്രക്ഷോഭം ആരംഭിച്ചത്. എസ്ഐആര്‍ സംബന്ധിച്ച ഉത്തരവ് തങ്ങളുടെ അറിവോടെയോ സമ്മതത്തോടെയോ അല്ല പുറത്തിറക്കിയതെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ വ്യക്തമാക്കിയിരുന്നു. 

തിരഞ്ഞെടുപ്പ് കമ്മിഷണറെ പുറത്താക്കുന്നതെങ്ങനെ? 

ഭരണഘടന അനുസരിച്ച് സുപ്രീംകോടതി ജഡ്ജിയെ പുറത്താക്കുന്ന അതേ പ്രക്രിയയാണ് ബാധകമാകുക. 2023 ലെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ആന്‍റ് അതര്‍ ഇലക്ഷന്‍ കമ്മിഷണേഴ്സ് (അപ്പോയിന്‍മെന്‍റ്, കണ്ടീഷന്‍സ് ഓഫ് സര്‍വീസ് ആന്‍റ് ടേം ഓഫ് ഓഫിസ്) നിയമം അനുസരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കും രാജി നേരിട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കാം.

1968 ലെ ജഡ്ജസ് എന്‍ക്വയറി ആക്ട് പ്രകാരമാകും സ്ഥാനത്ത് നിന്ന് നീക്കം ചെയ്യല്‍. പുറത്താക്കാനുള്ള പ്രമേയം പാര്‍ലമെന്‍റിന്‍റെ ഏതെങ്കിലും ഒരു സഭയില്‍ അവതരിപ്പിക്കപ്പെട്ടാല്‍ ലോക്സഭാ സ്പീക്കര്‍ക്കോ, രാജ്യസഭാ ചെയര്‍മാനോ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിക്കാം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ ഒരാള്‍, ന്യായാധിപന്‍മാരിലൊരാള്‍ എന്നിവരടങ്ങുന്ന സമിതിയാകും അന്വേഷിക്കുക. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സമിതി കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കില്ല. പക്ഷേ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തിയാല്‍ പ്രമേയം പാര്‍ലമെന്‍റിലേക്ക് എത്തും. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാകണം. 

ENGLISH SUMMARY:

Lok Sabha Speaker Om Birla has said that any decision on a possible fresh notice seeking the removal of Chief Election Commissioner Gyanesh Kumar will be taken in accordance with established rules and procedures. Earlier notices submitted by the Opposition seeking his removal were rejected by the Lok Sabha Speaker and the Rajya Sabha Chairman. The controversy intensified following reports that Election Commissioners Sukhbir Singh Sandhu and Vivek Joshi had recorded disagreements with Kumar over decisions related to the Special Intensive Revision (SIR) of electoral rolls. The removal process follows the procedure applicable to Supreme Court judges, requiring an inquiry into the allegations and a two-thirds majority in both Houses of Parliament for the motion to be passed.