• രാജ്യം ഒന്നാമത്, പാര്‍ട്ടി രണ്ടാമത്, സ്വന്തം കാര്യം അവസാനം' എന്നായിരുന്നു പ്രധാനമന്ത്രിക്ക് താന്‍ രാജി സമര്‍പ്പിച്ചുവെന്ന് വ്യക്തമാക്കി മുരുഗന്‍ എക്സില്‍ കുറിച്ചത്

കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രിയായിരുന്ന എല്‍.മുരുഗന്‍റെ പെട്ടെന്നുള്ള രാജിക്ക് കാരണം ബോളിവുഡ് നടിയുടെ പരാതിയെന്ന് സൂചന. നടിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ഇതില്‍ ഇവര്‍ നല്‍കിയ പരാതിയിലാണ് രാജിയെന്നും ഒരു ഇംഗ്ലിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അനുചിതമായ സന്ദേശങ്ങള്‍ മന്ത്രിയില്‍ നിന്നുണ്ടായ വിവരം നടി ബിജെപി ഉന്നത നേതാക്കളെ അറിയിച്ചുവെന്നും ഇതോടെ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഉന്നത നേതൃത്വം ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2030 വരെ  കാലാവധിയുണ്ടായിട്ടും എല്‍. മുരുഗന്‍ രാജ്യസഭാംഗത്വവും രാജിവച്ചിരുന്നു. 

തമിഴ്നാട്ടില്‍ ബിജെപിയെ ശക്തിപ്പെടുത്താനാണ് രാജിയെന്നായിരുന്നു എല്‍.മുരുഗന്‍റെ വിശദീകരണം. 'രാജ്യം ഒന്നാമത്, പാര്‍ട്ടി രണ്ടാമത്, സ്വന്തം കാര്യം അവസാനം' എന്നായിരുന്നു പ്രധാനമന്ത്രിക്ക് താന്‍ രാജി സമര്‍പ്പിച്ചുവെന്ന് വ്യക്തമാക്കി മുരുഗന്‍ എക്സില്‍ കുറിച്ചത്. 2029 ലെ തിരഞ്ഞെടുപ്പിലേക്ക് തമിഴ്നാട്ടിലെ പാര്‍ട്ടിക്ക് തന്‍റെ സേവനം ആവശ്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. 

പ്രധാനമന്ത്രിയോട് താന്‍ രാജി വയ്ക്കാനുള്ള താല്‍പര്യം അറിയിച്ചതിന് പിന്നാലെ അദ്ദേഹം അനുവദിക്കുകയായിരുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു. തമിഴ്നാട്ടിലെ തെരുവുകളിലൂടെയും ക്ഷേത്രങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേരില്‍ കാണുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇതിന്‍റെ ഫലം കാണാമെന്നും കുറിപ്പില്‍ വിശദീകരിച്ചിരുന്നു. നാലുമാസത്തിനിടെ രാജിവച്ച മൂന്നാമത്തെ കേന്ദ്രമന്ത്രിയായിരുന്നു മുരുഗന്‍. 

ENGLISH SUMMARY:

Union Minister of State for Information and Broadcasting L. Murugan’s sudden resignation has reportedly been linked to a complaint by a Bollywood actress alleging that he sent her inappropriate messages, according to media reports. The actress allegedly brought the matter to senior BJP leaders, following which the party leadership reportedly asked Murugan to step down. Murugan, whose Rajya Sabha term was due to continue until 2030, also resigned from his membership of the Upper House, publicly stating that he wanted to strengthen the BJP in Tamil Nadu ahead of the 2029 elections