ഉത്തര്‍പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്‍റെ സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് 125 സീറ്റുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുവെന്ന് സൂചന. അഖിലേഷുമായി സീറ്റ് ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എംപിയുമായ പ്രിയങ്ക തന്നെ നേരിട്ടിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാജ്വാദി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണ എങ്ങനെയാകണമെന്നത് സംബന്ധിച്ച് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളുമായി മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ച പ്രിയങ്ക നടത്തിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read: അമേഠി ഇന്ത്യ സഖ്യത്തിന് ഈസിയല്ല; തന്ത്രം മെനഞ്ഞ് ബിജെപി; വലുതെന്തോ അണിയറയില്‍!
എ ക്ലാസ് മണ്ഡലങ്ങള്‍, 40–50 ബി ക്ലാസ്, 25–30 സി ക്ലാസ് മണ്ഡലങ്ങള്‍ എന്നിങ്ങനെ തിരിച്ചുള്ള പട്ടികയും കോണ്‍ഗ്രസ് തയാറാക്കിക്കഴിഞ്ഞു. 120 മുതല്‍ 150 വരെയുള്ള സീറ്റുകളുടെ കണക്ക് ഈ ആഴ്ച ചേരുന്ന നേതൃയോഗത്തിന് ശേഷം കോണ്‍ഗ്രസ് സമാജ്വാദി പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തേക്കും. അടുത്തമാസത്തോടെ സീറ്റുകള്‍ സംബന്ധിച്ച ധാരണയില്‍ എത്തിച്ചേരുമെന്നാണ് സൂചന.
അഖിലേഷുമായി നടക്കാനിരിക്കുന്ന സീറ്റ് ചര്‍ച്ചകളില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. 2022 ലും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനായി നേരിട്ടിറങ്ങിയത് പ്രിയങ്ക ആയിരുന്നു. അന്ന് തനിച്ച് മല്‍സരിച്ച കോണ്‍ഗ്രസ് പക്ഷേ കേവലം രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങി. ഇക്കുറി ആ തെറ്റ് തിരുത്തി ഭരണം പിടിക്കാനാണ് പ്രിയങ്കയുടെ ശ്രമം.
2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെയും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെയും കണക്കുകള്‍ വച്ചാണ് കോണ്‍ഗ്രസ് ഇത്തവണം സീറ്റിനുള്ള പട്ടിക തയാറാക്കുന്നത്. ഓരോ ലോക്സഭാ മണ്ഡലങ്ങളിലും ഒരു സീറ്റെങ്കിലും നേടുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. 17 ല്‍ ആറ് സീറ്റുകള്‍ ജയിച്ചു. 38 സീറ്റുകളില്‍ ലീഡെടുക്കാനും 42 ഇടത്ത് രണ്ടാമതെത്താനും സഖ്യത്തെ തുടര്‍ന്ന് കഴിഞ്ഞു. ഇങ്ങനെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞ സീറ്റുകളെല്ലാം തങ്ങള്‍ക്ക് വേണമെന്നാകും കോണ്‍ഗ്രസ് ആവശ്യം ഉയര്‍ത്തുക. അജയ് റായ്, അജയ് ലല്ലു, സുപ്രിയ ശ്രിനിതെ, നദീം ജാവേദ് എന്നീ നേതാക്കളെയും മല്‍സരത്തിനിറക്കും.
അമേഠിയിലും റായ്ബറേലിയിലും ശരണ്‍പുരിലും സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചേക്കും. നിലവില്‍ സമാജ്വാദി പാര്‍ട്ടിക്കാണിവിടെ എംഎല്‍എമാരുള്ളത്. ഇതിന് പുറമെ സമാജ്വാദി പാര്‍ട്ടി ജയിച്ചു കയറിയ 12 സീറ്റുകള്‍ കൂടി കോണ്‍ഗ്രസ് ആവശ്യപ്പെടാനാണ് തീരുമാനം. അതേസമയം, പഴയ കുത്തക മണ്ഡലമൊന്നുമല്ല അമേഠി ഇന്നെന്നും വലിയ രാഷ്ട്രീയ മാറ്റം മണ്ഡലത്തിലുണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ ഫലം വ്യക്തമാക്കുന്നു. അമേഠിയിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍ 2022 ല്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കോണ്‍ഗ്രസിനായില്ല. ബിജെപി മൂന്നും സമാജ്വാദി പാര്‍ട്ടി ഒന്നും ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍ ഒരിടത്തും ജയിച്ചു. റായിബറേലിയിലും സ്ഥിതി വ്യത്യസ്തമല്ല. നാലിടത്ത് സമാജ്വാദി പാര്‍ട്ടിയും ഒരിടത്ത് ബിജെപിയുമാണ് ജയിച്ചത്. കോണ്‍ഗ്രസിന് ഒരിടത്തും ജയിക്കാന്‍ കഴിഞ്ഞില്ല.
സഖ്യത്തിന് കോണ്‍ഗ്രസ് മുന്‍കൈയെടുക്കുന്നുണ്ടെങ്കിലും 60–65 സീറ്റുകളില്‍ കൂടുതല്‍ സമാജ്വാദി പാര്‍ട്ടി വിട്ടുനല്‍കിയേക്കില്ല. ജയസാധ്യതയാണ് തനിക്ക് പ്രധാനമെന്ന് അഖിലേഷ് യാദവ് നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ആകെയുള്ള 403 സീറ്റുകളില്‍ 350 സീറ്റുകളിലേക്ക് അഖിലേഷ് ഏകദേശം സ്ഥാനാര്‍ഥികളെ ഉറപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ സഖ്യമായാല്‍ 150 ല്‍ കുറയാത്ത സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന നിലപാടാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര പാല്‍ ഗൗതത്തിനുള്ളത്. സമാജ്വാദി പാര്‍ട്ടിയുടെ ജയസാധ്യതയ്ക്ക് കോണ്‍ഗ്രസ് വഴങ്ങുമോ അതോ കടുംപിടിത്തത്തില്‍ തനിച്ച് മല്‍സരിക്കുമോ എന്നതില്‍ വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടായേക്കും.