• മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ വീണ്ടും കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു.

ഗാന്ധി കുടുംബത്തിന്‍റെ ശക്തികേന്ദ്രമായി കരുതപ്പെടുന്ന അമേഠി കേന്ദ്രീകരിച്ച് തന്ത്രമൊരുക്കി ബിജെപി. ബിജെപിയില്‍ ചേര്‍ന്ന മൂന്നു സമാജ്‍വാജി പാര്‍ട്ടി വിമത എംഎല്‍എമാര്‍ക്ക് അമേഠിയില്‍ സ്വീകരണമൊരുക്കി സ്മൃതി ഇറാനിക്കായി കളമൊരുക്കുകയാണ് പാര്‍ട്ടി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച മൂന്നു എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നത്. 

Also Read: ഗ്യാനേഷിനെ എതിര്‍ത്ത് ഇന്ത്യ സഖ്യത്തിലേക്ക് അടുക്കാന്‍ ബിജെപിയുടെ പഴയ 'രക്ഷകന്‍'; കോണ്‍ഗ്രസുമായി ചര്‍ച്ച

അമേഠി ലോക്സഭാ മണ്ഡലത്തിനു കീഴിലെ ഗൗരിഗഞ്ച് എംഎല്‍എ രാകേഷ് പ്രതാപ് സിംഗ്, ഗോസായിഗഞ്ച് എംഎല്‍എ അഭയ് സിംഗ്, കല്‍പി എംഎല്‍എ വിനോദ് ചുതര്‍വേദി എന്നിവരാണ് പാര്‍ട്ടിമാറിയവര്‍. പാര്‍ട്ടിമാറിയെത്തുന്നവരെ സ്വീകരിക്കാന്‍ ലഖ്നൗവിലെ പാർട്ടി ഓഫീസിലോ ഡൽഹിയിലെ ദേശിയ ആസ്ഥാനത്തോ ആണ് ബിജെപി പരിപാടികള്‍ നടത്താറുണ്ട്. എന്നാല്‍ ഇത്തവണ പരിപാടി നടത്തിയത് അമേഠിയിലെ ഗൗരിഗഞ്ചിലാണ്. മറ്റു എംഎല്‍എമാര്‍ 250 കിലോമീറ്ററോളം സഞ്ചരിച്ചാണ് സ്വീകരണത്തിനെത്തിയത്. 

നേരത്തെ തന്നെ ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് സ്വീകരണം കിട്ടിയ എംഎല്‍എമാര്‍. മുതിര്‍ന്ന നേതാക്കള്‍ എത്തി ഇവര്‍ക്കുള്ള സ്വീകരണം വലിയ ചടങ്ങാക്കി മാറ്റിയത് ബിജെപി വലുതെന്തോ പ്ലാന്‍ ചെയ്യുന്നതിന്‍റെ സൂചനയാണെന്ന് അമേഠിയില്‍ നിന്നുള്ള ബിജെപി നേതാവ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളായ അമേഠിയും റായ്ബറേലിയും ബിജെപി നേരത്തെ ജയിച്ചിട്ടുണ്ടെന്നും ഭാവിയിലും ഇത് ആവര്‍ത്തിക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു. 

2024 ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപിയെ പിന്തുണയ്ക്കുന്നയാളാണ് രാകേഷ് പ്രതാപ് സിംഗ്. ഈ നേതാവിനുള്ള സ്വീകരണത്തില്‍ പങ്കെടുത്തത് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി, യുപി ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ പങ്കജ് ചൗധരി അടക്കം സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍ എന്നിവരാണ്. സ്മൃതി ഇറാനിക്ക് മേഖലയില്‍ വീണ്ടും കളമൊരുക്കുക എന്നതാണ് ഇതിനു പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വരുന്ന തിരഞ്ഞെടുപ്പുകളില്‍ സ്മൃതി ഇവിടെ വലിയ ഘടകമാകുമെന്നും ബിജെപി പ്രാദേശിക നേതാക്കള്‍ പറഞ്ഞു. 

2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍ നിന്നോ സ്മൃതി മത്സരിക്കുമെന്നാണ് സൂചന. ഗൗരിഗഞ്ചിലെ ചടങ്ങില്‍ കോണ്‍ഗ്രസിനെയും രാഹുലിനെയും വിമര്‍ശിച്ചുകൊണ്ടാണ് സ്മൃതിയുടെ പ്രസംഗം. അമേഠിയിൽ സ്വന്തം നിലയ്ക്ക് മത്സരിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് രാജ്യത്തെ നയിക്കാൻ കോണ്‍ഗ്രസിനു സാധിക്കുകയെന്ന് സ്മൃതി ചോദിച്ചു. പേരെടുത്തു പറയാതെയായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനം. 

Also Read: 'തെറ്റുപറ്റി, അന്ന് പിന്തുണച്ചതില്‍ ഖേദിക്കുന്നു'; ഏറ്റുപറഞ്ഞ് ജഗന്‍ മോഹന്‍ റെഡ്ഡി

'നിങ്ങളുടെ രാജകുമാരനെ ചക്രവർത്തിയാക്കാൻ എത്ര രാഷ്ട്രീയ പാർട്ടികളെ വേണമെങ്കിലും ഒരുമിച്ച് കൂട്ടിക്കോളൂ, എന്നാൽ ഉത്തർപ്രദേശില്‍ 1989 മുതൽ നിങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോല്‍ക്കുകയാണ്. ഇതിന്റെ കാരണം പരിശോധിക്കാതെ കോൺഗ്രസ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണ്' എന്നായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകള്‍. 

ENGLISH SUMMARY:

The Bharatiya Janata Party has initiated a strategic campaign in Amethi, traditionally considered a stronghold of the Gandhi family, by according a grand reception to three Samajwadi Party rebel MLAs who crossed over to the party. Breaking standard protocol, the induction event was specially hosted in Gauriganj within the Amethi Lok Sabha constituency rather than at party headquarters in Lucknow or Delhi. Top leaders, including former Union Minister Smriti Irani, attended the event, signaling the party's intent to lay the groundwork for her potential candidacy in either Amethi or Rae Bareli in the 2029 elections. Speaking at the function, Smriti Irani launched a scathing attack on Rahul Gandhi and the Congress party over their electoral performance in Uttar Pradesh.