പ്രതിഷേധത്തിനിടെ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ തള്ളിയിട്ടെന്നു പരാതിപ്പെട്ട മൂന്ന് മാസം ഗർഭിണിയായ മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകി. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് നടത്തിയ ഇന്ത്യാ മുന്നണിയുടെ മാർച്ചിനിടെയാണ് സംഭവമെന്നാണ് മാധ്യമപ്രവർത്തക റിച്ച പരാശർ ആരോപിക്കുന്നത്. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്ഐആർ) നടപടിയിലെ ക്രമക്കേടുകൾ ആരോപിച്ച് ഹർജി സമർപ്പിക്കാനായിരുന്നു മാർച്ച്. രാഹുൽ ഗാന്ധി തന്റെ കയ്യിൽ പിടിച്ച് ശക്തമായി വലിച്ചെന്നും ഇതോടെ പടികളിലേക്ക് വീണെന്നും നിലത്ത് വീണപ്പോൾ വയർ ഇടിച്ചെന്നുമാണ് റിച്ചയുടെ ആരോപണം. വാർത്താ വെബ്സൈറ്റായ വൺഇന്ത്യയിലെ മാധ്യമപ്രവർത്തകയാണ് റിച്ച.
Alsor read: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം; 25ന് ഡൽഹിയിൽ റാലിക്ക് നീക്കം
“രാഹുൽ ഗാന്ധിയുടെ പ്രതികരണം തേടുന്നതിനായി അദ്ദേഹം പുറത്തുവരുന്നത് കാത്ത് സുപ്രീംകോടതി വളപ്പിലെ ഗേറ്റിനരികിൽ നിൽക്കുകയായിരുന്നു ഞാൻ. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിനു മുൻപേ രാഹുൽ ഗാന്ധി അസ്വസ്ഥത പ്രകടിപ്പിക്കുന്ന മുഖഭാവത്തോടെ മുന്നോട്ടുവന്നു. പെട്ടെന്ന് എന്റെ കൈയിൽ പിടിച്ച് മുന്നോട്ടേക്ക് ശക്തമായി വലിച്ചു. എല്ലാം വളരെ വേഗത്തിലായിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ എന്നെ തള്ളിമാറ്റി. ഞാൻ സുപ്രീംകോടതിയുടെ പടികളിലേക്ക് മുഖമടിച്ച് വീണു” — റിച്ച വിശദീകരിക്കുന്നു
വെള്ളിയാഴ്ച ന്യൂഡൽഹി ജില്ലാ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിക്കും മറ്റുള്ളവർക്കുമെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് റിച്ച ആവശ്യപ്പെട്ടു. താൻ മൂന്ന് മാസം ഗർഭിണിയാണെന്നും സംഭവത്തിനിടെ മോശമായ പെരുമാറ്റത്തിനും ഭീഷണിക്കും തള്ളലിനും ബലപ്രയോഗത്തിനും ഇരയായെന്നും പരാതിയിൽ പറയുന്നു.
സ്ത്രീയുടെ മാന്യതയെ ഹനിക്കുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുക, മനഃപൂർവം പരുക്കേൽപ്പിക്കുക, മനുഷ്യജീവനോ മറ്റുള്ളവരുടെ വ്യക്തിസുരക്ഷയ്ക്കോ അപകടമുണ്ടാക്കുന്ന വിധത്തിൽ അശ്രദ്ധമായോ നിരുത്തരവാദപരമായോ പ്രവർത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ പരാമർശിച്ചിരിക്കുന്നത്.
നിഷേധിച്ച് കോണ്ഗ്രസ്
സംഭവം നടന്നതായി അവകാശപ്പെട്ട് മാധ്യമപ്രവർത്തക പുറത്തുവിട്ട വിഡിയോയിൽ അവർ ആരോപിക്കുന്ന സംഭവങ്ങളുടെ തുടർച്ച വ്യക്തമാകുന്നില്ലെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. “ഗർഭാവസ്ഥയിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് അപകടസാധ്യതയുള്ള കാര്യമാണ്. രാഹുൽ ഗാന്ധി ഉച്ചകഴിഞ്ഞ് മൂന്നിനും നാലിനുമിടയിൽ തള്ളിയെന്നാണ് പറയുന്നത്. എന്നാൽ രാത്രി 8.30നാണ് ആശുപത്രിയിലെത്തിയതെന്നും പറയുന്നു. പ്രചാരണത്തിനായി കെട്ടിച്ചമച്ച കഥയുമായി ബന്ധപ്പെട്ട് അവരുടെ സഹോദരി ബിജെപി എംഎൽഎയുടെ ഓഫീസിലെത്തി. ഗർഭകാലത്ത് സാധാരണയായി ചെയ്യാത്ത എക്സ്റേ പരിശോധനയും നടത്തി” — കോൺഗ്രസ് നേതാവ് അൽക ലാംബ എക്സിൽ കുറിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ ബിജെപി
സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകയെ സഹായിച്ചില്ലെന്നും ഇപ്പോൾ അവരെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി. “പുരുഷാധിപത്യത്തെ തകർക്കുമെന്ന് സംസാരിക്കുന്ന രാഹുൽ ഗാന്ധി ഗുണ്ടയെപ്പോലെയാണ് പെരുമാറിയത്. ഈ രാജ്യത്തെ സ്ത്രീകൾ കോൺഗ്രസ് പാർട്ടിയുടെ യഥാർഥ മുഖവും പ്രിയങ്ക വാദ്രയുടെ ‘ലഡ്കി ഹൂം, ലഡ് സക്തി ഹൂം’ (ഞാൻ പെൺകുട്ടിയാണ്, എനിക്ക് പോരാടാനാകും) എന്ന മുദ്രാവാക്യത്തിനു പിന്നിലെ യാഥാർഥ്യവും കാണണം” –ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.