ഡൽഹിയിൽ നടന്ന ഇന്ത്യാ മുന്നണിയുടെ മാർച്ചിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കർണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ പൊതുവേദിയിൽ അപമാനിച്ചെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കനക്കുകയാണ്. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി ഡി.കെ.ശിവകുമാറിന്റെ കോളറിൽ പിടിച്ച് പിന്നിലേക്ക് വലിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നത്. ഡി.കെ.ശിവകുമാറിന് ഒരു പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിലപോലും നല്‍കിയില്ലെന്ന അടികുറിപ്പോടെയാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി ഹാന്‍ഡിലുകള്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍‌ പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പണക്കാരനായ മുഖ്യമന്ത്രിയുടെ ഗതികേട് എന്ന ക്യാപ്ഷനോടെ ബിജെപി ഹാന്‍ഡിലുകള്‍ വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

സംഭവത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും വിമര്‍ശനവുമായി രംഗത്തെത്തി. കർണാടകയുടെ മുഖ്യമന്ത്രി പദവി എന്നത് ഒരു വ്യക്തി എന്നതിലുപരി ഭരണഘടനാപരമായ പദവിയും സംസ്ഥാനത്തിന്റെ അഭിമാനവുമാണെന്ന് ഹിമന്ത ബിശ്വ ശർമ്മ എക്സിൽ കുറിച്ചു. അദ്ദേഹത്തെ ഇത്തരത്തില്‍ പരസ്യമായി അപമാനിക്കുന്നതിലൂടെ കോൺഗ്രസ് നേതൃത്വത്തിന്റെ അഹങ്കാരമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. 2015-ൽ താൻ കോൺഗ്രസ് വിടാൻ ഉണ്ടായ സാഹചര്യവുമായി ഇതിനെ ഉപമിച്ച അദ്ദേഹം, അസമില്‍ നിന്നുള്ള അഭിമാനിയായ ഒരു വ്യക്തിയെന്ന നിലയിൽ താൻ ആ അപമാനം സഹിക്കാൻ തയ്യാറായിരുന്നില്ലെന്നും വ്യക്തമാക്കി. നിങ്ങള്‍ നിങ്ങൾക്ക് ഇഷ്ടമുള്ളത്ര തവണ മുഖംമൂടി മാറിയണിഞ്ഞോളൂ പക്ഷേ താഴെയുള്ള മുഖം അതേപടി നിലനിൽക്കുമെന്നും അദ്ദേഹം രാഹുലിനെ ലക്ഷ്യം വച്ച് കുറിച്ചു. ഏഴ് കോടി കന്നഡിഗരുടെ അന്തസ്സിനെ അപമാനിക്കുന്നതാണ് രാഹുലിന്റെ പ്രവൃത്തിയെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയും തുറന്നടിച്ചു.

എന്നാല്‍ സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ആരോപണങ്ങൾ തള്ളി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. തനിക്കും രാഹുലിനും എതിരെയുള്ളത് വ്യാജ പ്രചാരണങ്ങളാണെന്നും രാഹുൽ ഗാന്ധി തന്നെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനത്തിൽ ചെന്നിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെന്നും ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ് അങ്ങനെ സംഭവിച്ചതെന്നും ഇതിൽ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

തിങ്കളാഴ്ച രാഹുൽ ഗാന്ധി സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിന്റെ ദൃശ്യങ്ങളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. മാർച്ചിൽ നിന്നുള്ള ദൃശ്യങ്ങളില്‍ രാഹുൽ ഗാന്ധി ഡികെയുടെ കോളർ വലിക്കുന്നതും മുൻനിരയിൽ നിന്ന് അദ്ദേഹത്തെ അകറ്റുന്നതും കാണാം. എസ്ഐആറിലെ ക്രമക്കേടുകളില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടായിരുന്നു ഇന്ത്യാ സഖ്യത്തിന്‍റെയും പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനങ്ങളുടേയും മാര്‍ച്ച്. മാർച്ചിന് ശേഷം പ്രതിപക്ഷം ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കാണാൻ ശ്രമിച്ചെങ്കിലും പ്രതിനിധി സംഘത്തെ കാണാൻ അദ്ദേഹം വിസമ്മതിച്ചു. പ്രിയങ്ക ഗാന്ധി, നേഹ ബോറ, യൂത്ത് കോൺഗ്രസ്, നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ പ്രവർത്തകർ എന്നിവരും രാഹുൽ ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നു.

ENGLISH SUMMARY:

A massive political controversy erupted on social media after footage emerged showing Lok Sabha opposition leader Rahul Gandhi pulling Karnataka Chief Minister D.K. Shivakumar by his collar during an India Alliance march in Delhi. BJP leaders and Assam Chief Minister Himanta Biswa Sarma sharply criticized the incident, accusing Rahul Gandhi of publicly insulting the dignity of a state leader and the pride of Kannadigas. However, D.K. Shivakumar strongly refuted the allegations, clarifying that Rahul Gandhi had merely asked him to board a vehicle amid a heavy crowd and that there was no malicious intent. The protest march towards the Supreme Court was organized to demand the resignation of Chief Election Commissioner Gyanesh Kumar over alleged electoral roll irregularities.