ഹിന്ദി ഭാഷയിൽ പ്രാവീണ്യമില്ലാതിരുന്നിട്ടും, മക്കളായ രാഹുലിനോടും പ്രിയങ്കയോടും സ്കൂളിൽ പോകാൻ തുടങ്ങുന്നതുവരെ സോണിയ ഗാന്ധി സംസാരിച്ചിരുന്നത് ഹിന്ദിയിലായിരുന്നു. ഇറ്റാലിയൻ ഉച്ചാരണത്തിന്റെ ശക്തമായ സ്വാധീനമുള്ളതായിരുന്നു തന്റെ ഹിന്ദിയെന്നും സോണിയ തന്റെ ആത്മകഥയായ 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവി’ല്‍ പറയുന്നു.
മക്കളോട് സംസാരിക്കുമ്പോൾ ഇംഗ്ലീഷിനും ഇറ്റാലിയനും പകരം ഹിന്ദി തിരഞ്ഞെടുത്തത് ബോധപൂർവ്വമായ തീരുമാനമായിരുന്നെന്ന് സോണിയ ഗാന്ധി പുസ്തകത്തില്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് ഇറ്റാലിയന്‍ പകരം ഹിന്ദിയിൽ മക്കളോട് സംസാരിക്കുന്നതെന്ന് ആളുകൾ ചോദിച്ചപ്പോൾ, അത് എന്റെ ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു എന്നാണ് ഞാൻ മറുപടി നൽകിയിരുന്നത്. എന്നാൽ അത് ഭാഗികമായി മാത്രമേ ശരിയായിരുന്നുള്ളൂ. അംഗീകരിക്കപ്പെടാനും, ചേർത്തുപിടിക്കപ്പെടാനും, ഈ നാടിന്റേതാണെന്ന് തോന്നാനുമുള്ള തന്റെ തീവ്രമായ ആഗ്രഹമായിരുന്നു അതിന് പിന്നിലെ യഥാർത്ഥ കാരണം,’ സോണിയ ഗാന്ധി പറയുന്നു.
സ്കൂളിൽ പോയി തുടങ്ങിയതോടെ രാഹുലും പ്രിയങ്കയും ഇംഗ്ലീഷ് പഠിച്ചു. ഇറ്റലിയിലുള്ള മുത്തശ്ശിക്കും മുത്തച്ഛനും ബന്ധുക്കൾക്കുമൊപ്പം അവധിക്കാലം ചെലവഴിച്ചതിലൂടെ അവർ ഇറ്റാലിയൻ ഭാഷയും സ്വായത്തമാക്കി. അമിതാഭ് ബച്ചന്റെ പിതാവായ 'അങ്കിൾ ബച്ചൻ' എന്ന ഹരിവംശ് റായ് ബച്ചനിൽ നിന്നാണ് ആദ്യകാല ഹിന്ദി പാഠങ്ങൾ ലഭിച്ചതെന്ന് സോണിയ പറയുന്നു. ‘അദ്ദേഹം ഇടയ്ക്കിടെ അല്പം ഹിന്ദി പഠിപ്പിക്കുമായിരുന്നു, പക്ഷേ എനിക്ക് പറയാനുള്ളത് മറ്റുള്ളവർക്ക് മനസ്സിലാകുന്ന തരത്തിലേക്ക് എത്താൻ അത് തീരെ അപര്യാപ്തമായിരുന്നു.’ ഒടുവിൽ രാജീവ് ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലാണ് ആ സ്വീകാര്യത ലഭിച്ചതെന്ന് സോണിയ ഗാന്ധി ഓര്‍ത്തെടുക്കുന്നു.
‘പിന്നീട്, ഭാഷ പഠിച്ചുകൊണ്ടിരുന്ന എന്റെ സുഹൃത്ത് സബീനയ്ക്കൊപ്പം സുസുക്കി മോപ്പഡിന് പിന്നിലിരുന്ന് യാത്ര ചെയ്ത് സൗത്ത് ഡൽഹിയിലെ ഗ്രീൻ പാർക്കിലുള്ള ഒരു ഹിന്ദി ഇൻസ്റ്റിറ്റ്യൂട്ടിൽ ഞാൻ ക്ലാസിന് പോയി. ട്രാഫിക് നിയമങ്ങൾ പാലിക്കാതെ നാനാഭാഗത്തുനിന്നും കാൽനടക്കാരും സ്കൂട്ടറുകളും സൈക്കിളുകളും കടന്നുവരുമ്പോൾ വാഹനത്തിന്റെ ബാലൻസ് തെറ്റാതെ വഴിയൊരുക്കാൻ സബീന പാടുപെടുന്ന ആ യാത്രകൾ ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു. എന്നാൽ അതൊരു മികച്ച അധ്യാപകനും ധാരാളം വിദ്യാർഥികളുമുള്ള നല്ലൊരു ക്ലാസായിരുന്നു. ഇന്ത്യയിലെ ഹിന്ദി സംസാരിക്കാത്ത ഭാഗങ്ങളിൽ നിന്നുള്ളവരും വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും അവിടെയുണ്ടായിരുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവരുടെയും എന്നെപ്പോലെയുള്ള വിദേശികളുടെയും വ്യത്യസ്തമായ ഉച്ചാരണരീതികളുടെ ആ ശബ്ദകോലാഹലം എനിക്ക് രസകരമായും, ഒപ്പം ആശ്വാസകരമായും തോന്നി: വിചിത്രമായ ഉച്ചാരണത്തിൽ സംസാരിക്കുന്നത് ഞാൻ മാത്രമല്ലല്ലോ എന്നതായിരുന്നു ആ ആശ്വാസം,’ അവർ എഴുതുന്നു.
വർഷങ്ങൾക്ക് ശേഷം വലിയ ജനക്കൂട്ടങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ തനിക്ക് രക്ഷയായ ദേവനാഗരി ലിപിയും വ്യാകരണവും സംഭാഷണ നൈപുണ്യവും പഠിച്ചെടുത്തത് ഇതേ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണെന്ന് സോണിയ ഗാന്ധി പുസ്തകത്തില്‍ പറയുന്നു. നവംബർ 10-നാണ് 'ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) എന്ന സോണിയ ഗാന്ധിയുടെ ആത്മകഥ പുറത്തിറങ്ങിയത്.