assam-bjp-win
  • നാഗോൺ ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ 1,42,224 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി ദേവാശിഷ് ശർമ വിജയിച്ചു.

നാഗോൺ ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ 1,42,224 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി ദേവാശിഷ് ശർമ ജയിച്ചത്. മുസ്‌ലിം ഭൂരിപക്ഷമായ കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായ നാഗോണില്‍ എങ്ങനെ ബിജെപി ജയിച്ചു എന്നതാണ് രാഷ്ട്രീയ രംഗത്തെ ആകാംക്ഷ. സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോള്‍  എഐയുഡിഎഫ് അധ്യക്ഷന്‍ മൗലാന ബദറുദീന്‍ അജ്മലാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് സ്ഥാനാര്‍ഥിയായ സിബമോണി ബോറയ്ക്ക് ലഭിച്ചത് 1,29,492 വോട്ടു മാത്രമാണ്. 

2019 ലും 2024 ലും കോണ്‍ഗ്രസിലെ പ്രദ്യോത് ബോർഡോലോയ് ജയിച്ച സീറ്റാണ് ബിജെപി കൊണ്ടുപോയത്. ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രദ്യോത് ബിജെപിയിലേക്ക് കൂടുമാറുകയും ദിസ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് ജയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് നാഗോണില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. 1999 മുതല്‍ 2014 വരെ നാഗോണില്‍ ബിജെപി വിജയിച്ചിരുന്നു. 2019 ലാണ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. 

എട്ട് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന നാഗോൺ ലോക്സഭാ മണ്ഡലത്തിൽ 19 ലക്ഷം വോട്ടർമാരാണുള്ളത്. അതിൽ പകുതിയും മുസ്‍ലിങ്ങളാണ്. ഇതിലെ നാല് നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. നേരത്തെ നാഗോൺ ജില്ലാ കളക്ടറായിരുന്നു ശര്‍മ ഇക്കാലത്ത് നാഗോണിലും മൊറിഗോണിലും നടപ്പിലാക്കിയ കുടിയൊഴിപ്പിക്കൽ അദ്ദേഹത്തിന് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വലിയ വിജയമാണ് മണ്ഡലത്തില്‍ നേടിയത്. 

ബിജെപിയുടെ ജനക്ഷേമ പദ്ധതികൾ എല്ലാവരിലേക്കും എത്തിയതാണ് വിജയത്തിന് കാര്യമെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടു. മുസ്‍ലിം വോട്ടുകൾ നേടാൻ പാർട്ടിക്ക് കഴിഞ്ഞെന്നും കൂടുതൽ ഒഴിപ്പിക്കൽ നടപടികൾ ഉണ്ടാകുമെന്ന ഭയം കൊണ്ടാണ് മുസ്‍ലിങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തതെന്ന് പാർട്ടിയിലെ ഉന്നതൻ ഡെക്കാൻ ക്രോണിക്കളിനോട് പറഞ്ഞു. അജ്മലും ബോറയും തമ്മിൽ മുസ്‍ലിം വോട്ടുകൾ ഭിന്നിച്ചതും വിജയത്തിന് കാരണമാതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. അജ്മലും മുഖ്യമന്ത്രി ശർമ്മയും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണ് നാഗോൺ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കോൺഗ്രസ് എം.പിയും പാർട്ടി അധ്യക്ഷനുമായ ഗൗരവ് ഗൊഗോയ് പറഞ്ഞു. ബിജെപിയുടെ വിജയത്തിന് സഹായിച്ചത് വോട്ടുകളുടെ ഭിന്നിക്കലാണെന്നും ഗൊഗോയ് സൂചിപ്പിച്ചു.

എന്നാൽ കോൺഗ്രസിന് ലഭിച്ച വോട്ടിന് പരിശോധിക്കുമ്പോൾ വോട്ട് ഭിന്നിക്കൽ മാത്രമാണ് വിജയത്തിന് കാരണമെന്ന് പറയാനാകില്ലെന്ന് ഗുവഹാട്ടി സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രൊഫസർ വികാഷ് ത്രിപാഠി പറഞ്ഞു. ബംഗാൾ സംസാരിക്കുന്ന മുസ്‍ലിം വോട്ടർമാർ എഐയുഡിഎഫിനെ ബിജെപിക്ക് പകരമായി കാണുന്നില്ലെന്നും 2021 മുതൽ ന്യൂനപക്ഷങ്ങളിൽ ബിജെപി സംഘടപരമായി മുന്നേറിയിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി. 

ENGLISH SUMMARY:

BJP candidate Devashish Sharma secured a resounding victory in the Nagaon Lok Sabha by-election by a massive margin of 1,42,224 votes, snatching the sitting seat from the Congress. The election was necessitated after former Congress MP Pradyut Bordoloi switched to the BJP during the April Assembly polls and subsequently won from the Dispur constituency. In a major political shift, Congress candidate Sibamoni Bora slipped to third position as AIUDF chief Badruddin Ajmal finished second in this Muslim-majority constituency. While Congress leaders attributed the loss to vote division and collusion, political analysts highlight the BJP's organizational penetration among minority voters since 2021 alongside its welfare schemes.