കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളിലും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ വിവാദത്തിലും തുറന്നുപറച്ചിലുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. കോൺഗ്രസുകാർ ഉൾപ്പെടെയുള്ളവർ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയിട്ടുണ്ടെന്നും, ആ പ്രതിസന്ധി ഘട്ടങ്ങളിൽ ചേർത്തുപിടിക്കേണ്ട പലരും മാറിനിന്നുവെന്നും അവർ തുറന്നടിച്ചു. ഉമ്മൻ ചാണ്ടി നിർദേശിച്ച നോട്ടിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ജെ.എസ്. അഖിലിന്റെ പേരാണ് ഉണ്ടായിരുന്നതെന്ന് തനിക്ക് നല്ല ഓർമ്മയുണ്ടെന്നും മറിയാമ്മ ഉമ്മൻ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി ഏറെ ആത്മാർത്ഥമായി സ്നേഹിച്ച വ്യക്തിയാണ് ഷാഫി പറമ്പിൽ. എന്നാൽ ഉമ്മൻ ചാണ്ടിയെ അത്രമാത്രം തിരിച്ചും ഷാഫി സ്നേഹിച്ചോ എന്ന് ചോദിച്ചാൽ തനിക്ക് അറിയില്ലെന്നും അവർ പ്രതികരിച്ചു. ഇക്കാര്യത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണെന്നും മറിയാമ്മ ഉമ്മൻ ശരിവെച്ചു.
വേട്ടയാടലിന്റെ കാലത്ത് ഉമ്മൻ ചാണ്ടി ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഒരു കുടുംബമാകുമ്പോൾ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും അവയെല്ലാം പരിഹരിച്ച് എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകണമെന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമെന്നും താനും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഉമ്മൻ ചാണ്ടി ഇന്നുണ്ടായിരുന്നെങ്കിൽ യുഡിഎഫ് കൂടുതൽ ശക്തമായി ഒരുമിച്ച് നിൽക്കുമായിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും മറിയാമ്മ ഉമ്മൻ ആവശ്യപ്പെട്ടു.