ഇന്ത്യയിലെ യുവത്വത്തെ 'ഒന്നിനും തടയാനാവില്ലെന്ന് കേന്ദ്രമന്ത്രി ചിരാഗ് പസ്വാന്‍. സിജെപി സമരത്തിനു മുന്നോടിയായി ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കിയതിനിടെയാണ് പസ്വാന്‍റെ പ്രതികരണം. നാളെയാണ് ജന്തര്‍ മന്ദറില്‍ സിജെപി പ്രതിഷേധം.
ബി.ജെ.പി സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷനായ ചിരാഗ് പസ്വാൻ കേന്ദ്രമന്ത്രിയാണ്. ഇവർ ഇന്ത്യയിലെ യുവജനങ്ങളാണ്. ആർക്കും അവരെ തടയാൻ കഴിയില്ല. യഥാർഥത്തിൽ എത്ര ട്രെയിനുകൾ തടയാൻ കഴിയും? എത്രത്തോളം ഗതാഗതം തടസപ്പെടുത്താനാതും. എത്ര റോഡുകൾ സ്തംഭിപ്പിക്കാനാകും എന്നും ചിരാഗ് പസ്വാൻ ചോദിച്ചു. സിജെപിയുടെ പ്രതിഷേധത്തിന്‍റെ ഭാഗമായി ഡല്‍ഹിയിേലക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനെ അന്ധമായി ന്യായീകരിക്കുന്നതല്ല ചിരാഗ് പസ്വാന്റെ നിലപാട്. കേന്ദ്ര സർക്കാരിന്റെ ഭാഗമാണ് എന്നത് കൊണ്ട് താൻ ആരെയും അന്ധമായി ന്യായീകരിക്കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളിൽ മറുപടി പറയണമെന്ന് അദ്ദേഹം നേരത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്മീഷന്റെ മറുപടിൽ അദ്ദേഹം പിന്നീട് തൃപ്തി പ്രകടിപ്പിച്ചിരുന്നു.
സമരം നേരിടാന്‍ ഡല്‍ഹി പൊലീസ് കടുത്ത നിയന്ത്രണങ്ങളാണ് ഒരുക്കുന്നത്. 57 മെട്രോ സ്റ്റേഷനുകളുടെ ഗേറ്റുകൾ ഇന്ന് രാത്രി 9 മുതൽ അടയ്ക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു. കാൽലക്ഷത്തോളം കേന്ദ്രസേനാംഗങ്ങളെയും 15,000 ഡൽഹി പൊലീസ് അംഗങ്ങളെയും പ്രതിഷേധം നേരിടാൻ നഗരത്തില്‍ വിന്യസിച്ചു. നഗരഹൃദയത്തിലെ 37 ഇടങ്ങളിലാണ് ബാരിക്കേഡുകള്‍ വച്ചിട്ടുള്ളത്. ഹോട്ടല്‍ ഉടമകള്‍ക്ക് പ്രതിഷേധക്കാരെ താമസിപ്പിക്കരുത് എന്ന് നിര്‍ദേശമുണ്ട്. ഡൽഹിയിലെ വിവിധ സ്റ്റേഷനുകളിലേക്കുള്ള ട്രെയിനുകൾ നാളെ തടസ്സപ്പെടും. നിരവധി ട്രെയിനുകൾ ഇതിനകം റദ്ദാക്കി. കേരളത്തിൽനിന്നുള്ള ട്രെയിനുകളും മണിക്കൂറുകൾ വൈകും. കസ്റ്റഡിയിലെടുക്കുന്നവരെ പാര്‍പ്പിക്കാന്‍ 15 കേന്ദ്രങ്ങള്‍ തയാറാക്കിയിട്ടുണ്ട്.