രാജ്യതലസ്ഥാനത്തെ പ്രതിഷേധത്തിന്റെ തീച്ചൂളയിലാക്കി ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യം എം.പിമാരുടെ ജന്തര്‍മന്തര്‍ മാര്‍ച്ച്. മൂന്ന് ബസുകളിലായി സമരകേന്ദ്രത്തിലേക്ക് തിരിച്ച നേതാക്കളെ വഴിയില്‍ തടഞ്ഞതിന് പിന്നാലെ ജന്തര്‍മന്തറിന് സമീപം കാത്തുനിന്ന പ്രവര്‍ത്തകര്‍ പൊലീസിന് നേരേ തിരിഞ്ഞതോടെ വന്‍സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.
തൊട്ടുപിന്നാലെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും വാഹനത്തിന് പുറത്തിറങ്ങി പ്രവര്‍ത്തകരെ ശാന്തരാക്കി. സംഘര്‍ഷം കനക്കുന്നതിനിടെ ഏതാനം എം.പിമാരെയും പ്രവര്‍ത്തകരെയും നീക്കം ചെയ്ത പൊലീസ് രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നേതാക്കള്‍ ചെറുത്തു. പൊലീസ് വാഹനത്തിന് മുന്നില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് കിടന്നാണ് പ്രിയങ്ക പ്രതിഷേധിച്ചത്. രാഹുല്‍ഗാന്ധിയെ പിന്നീട് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു . പ്രവര്‍ത്തകരുടെ വലയം ഭേദിച്ച് പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു.
അറസ്റ്റിനെ പ്രതിരോധിച്ച മറ്റ് എം.പിമാരെയും പിന്നീട് നീക്കി. ഇതിനിടെ ഡല്‍ഹിയില്‍ തുടരുന്ന മുഖ്യമന്ത്രി വി.ഡി.സതീശനും സ്ഥലത്തെത്തി. പൊലീസ് നടപടി വേഗത്തിലാകാന്‍ നിര്‍ദേശിച്ച് ഡല്‍ഹി മുഖ്യമന്ത്രി രേഖ ശര്‍മയും സംഘര്‍ഷസ്ഥലത്ത് വന്നിരുന്നു. കേന്ദ്രസേനയും ദ്രുതകര്‍മസേനയും ഡല്‍ഹി പൊലീസുമടങ്ങുന്ന വന്‍ സുരക്ഷാസംഘമാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം നേരിടാന്‍ നിയോഗിക്കപ്പെട്ടത്.
‘വോട്ട് മോഷണം’ ആരോപണം ഉയർത്തി തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ക്ഷണപ്രകാരം നടന്ന ഉച്ചഭക്ഷണ യോഗത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്തു. ജനാധിപത്യം തകർക്കപ്പെടുകയാണെന്ന് ആരോപിച്ച മല്ലികാർജുൻ ഖർഗെ, ‘വോട്ട് മോഷണം’ എന്ന വിഷയം ജനങ്ങളിലേക്ക് എത്തിക്കുമെന്ന് പറഞ്ഞു. ജന്തർ മന്തറിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജന്തർ മന്തറിൽ പ്രതിഷേധം നടത്താൻ മുൻകൂർ അനുമതി വേണമെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്. പ്രതിഷേധത്തിന് കുറഞ്ഞത് 10 ദിവസം മുമ്പ് ന്യൂഡൽഹി ജില്ലാ ഡെപ്യൂട്ടി കമ്മിഷണർക്ക് അപേക്ഷ നൽകണമെന്നും പൊലീസ് അറിയിച്ചു.
ഏകദേശം 300 എംപിമാർ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ കാണാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തിന് അനുമതി ലഭിച്ചില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിനാൽ പ്രതിഷേധത്തിനായി നിശ്ചയിച്ചിട്ടുള്ള ജന്തർ മന്തറിൽ ഒരുമിച്ച് പ്രതിഷേധിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജ്യത്തിന്റെ നിയമാനുസൃത തിരഞ്ഞെടുപ്പ് കമ്മിഷണറല്ലെന്നും നരേന്ദ്ര മോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് രാജ്യത്തെ ജനാധിപത്യം തകർത്തുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ചൊവ്വാഴ്ച നടത്തിയ ധർണയുമായി ബന്ധപ്പെട്ട എഫ്ഐആറിനെ പരിഹസിച്ച രാഹുൽ ഗാന്ധി, തനിക്കെതിരെ 100 എഫ്ഐആറുകൾ വേണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു. ‘എനിക്കെതിരെ 45 എഫ്ഐആറുകളുണ്ട്. എന്റെ ലക്ഷ്യം 100 ആണ്’– രാഹുല്‍ ഗാന്ധി പറഞ്ഞു.