sabarimala-rush

ശബരിമലയിൽ മണ്ഡലകാലത്തിന്റെ ആദ്യ ആറു ദിവസം എത്തിയത് കഴിഞ്ഞ വര്‍ഷത്തേതിന്‍റെ പകുതി തീര്‍ഥാടകര്‍. 2.38 ലക്ഷം തീര്‍ഥാടകരാണ് കുറഞ്ഞത്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ ഉടന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു. സ്വഭാവ ദൂഷ്യമുള്ളവരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുത് എന്ന് ദക്ഷിണ മേഖലാ ഡിഐജി ഉത്തരവിറക്കി.

 

കഴിഞ്ഞ മണ്ഡലകാലത്ത് നവംബർ 16മുതൽ21വരെ 5,10,445പേർ ദർശനം നടത്തിയപ്പോൾ ഈ വർഷം എത്തിയത് 2,71,800റോളം പേർ മാത്രം. 2.38 ലക്ഷത്തോളം തീർഥാടകരുടെ കുറവാണ് ആറ് ദിവസത്തെ കണക്കിലുള്ളത്. 47 ശതമാനമാണ് തീര്‍ഥാടകരുടെ കുറവ്.ആദ്യ ദിവസമായ നവംബർ 16ന് കഴിഞ്ഞ വർഷം 55,312തീർഥാടകരാണ് ദർശനം നടത്തിയത്.ഈ വർഷം ഇത് 24,875ആയി കുറഞ്ഞു.വൃശ്ചികം ഒന്നിന് കഴിഞ്ഞ വർഷം  1.3ലക്ഷം പേര്‍ എത്തിയപ്പോള്‍ ഈ വർഷം 38,000പേർ മാത്രമാണ് ദർശനം നടത്തിയത്. അറുപത്തി അയ്യായിരത്തിലധികം പേര്‍ കുറഞ്ഞു. മറ്റെല്ലാ ദിവസവും എണ്‍പതിനായിരത്തിലധിം തീര്‍ഥാടകര്‍ ഉണ്ടായിരുന്നു.

 

ഇത്തവണ പകുതിയായി. നടവരവ്,അപ്പം അരവണ വിറ്റുവരവ്,അന്നദാന ഫണ്ട് തുടങ്ങി വരുമാനത്തില്‍ എഴ് മുതല്‍ പത്ത് കോടി വരെ കുറവുണ്ടായി.കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം വെര്‍ച്വല്‌ ക്യൂ ബുക്ക് ചെയ്തവരില്‍ ഇരുപതിനായിരത്തില്‍ അധികം ആളുകളാണ് വരാതിരുന്നത്. ബുക്കിങ്ങിലെ ദുരൂഹത സൈബര്‍ ഫൊറന്‍സിക് സംഘത്തെ ഉപയോഗിച്ച് ദേവസ്വം ബോര്‍ഡ് പരിശോധിക്കുന്നുണ്ട്.

 

ബുക്കിങ് നിറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ സോഫ്റ്റ് വെയറില്‍ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാഹചര്യം ആയില്ല. അതേസമയം നിലയ്ക്കലെ പൊലീസ് മര്‍ദനത്തിന്‍റെ പശ്ചാത്തലത്തില്‍ മദ്യപാനികളെയും പ്രശ്നക്കാരേയും ഡ്യൂട്ടിക്ക് നിയോഗിക്കരുത് എന്ന് ദക്ഷിണ മേഖലാ ഐജി പി പ്രകാശ് നിര്‍ദേശം നല്‍കി. എല്ലാ ജില്ലാ പൊലീസ് മേധാവി മാര്‍ക്കും യൂണിറ്റ് മേധാവികള്‍ക്കുമാണ് നിര്‍ദേശം.

ENGLISH SUMMARY:

Sabarimala pilgrimage 2024 has witnessed a significant decrease of nearly 2.5 lakh devotees during the first week compared to the previous year. The Travancore Devaswom Board is closely monitoring the virtual queue bookings and revenue drop while implementing strict police duty regulations.