വോട്ടര് പട്ടിക ക്രമക്കേടിന് ഉത്തരവാദിയായി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഗ്യാനേഷ് കുമാറിനുമേല്‍ സമ്മര്‍ദം ചെലുത്തി ഈ തെറ്റെല്ലാം ചെയ്യിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഖര്‍ഗെ ആരോപിച്ചു. ക്രമക്കേടിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നരേന്ദ്രമോദി പ്രധാനമന്ത്രിപദം ഒഴിയണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു.  Also Read: യോഗിയോട് 'തെറ്റി' ഐഎഎസ് രാജിവച്ച ദിവ്യ രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടിയില്‍ ചേരാനില്ലെന്ന് വാദം

വോട്ടര്‍പട്ടിക ക്രമക്കേടും തിരഞ്ഞെടുപ്പ് അട്ടിമറിയും കോണ്ഗ്രസ് പാര്‍ലമെന്‍റിലും പുറത്തും ശക്തമായി ഉന്നയിക്കുകയും തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്യുമെന്നും ഖര്‍ഗെ പറഞ്ഞു. പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്ന അഞ്ച് ആവശ്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. വോട്ടർപട്ടികയില്‍ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച എല്ലാ വിവരങ്ങളും പരസ്യപ്പെടുത്തുക, പേരുകൾ നീക്കം ചെയ്യപ്പെട്ട എല്ലാ വോട്ടർമാർക്കും അപ്പീൽ നൽകാൻ അവസരം നൽകുക, എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കൃത്യസമയത്ത് ലളിതമായ ഫോർമാറ്റിൽ വോട്ടർപട്ടിക ലഭ്യമാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയ ഇടങ്ങളിൽ സമയബന്ധിതമായ അന്വേഷണം നടത്തണമെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർണ്ണമായും സുതാര്യമാക്കണമെന്നും ഖര്‍ഗെ ആവശ്യപ്പെട്ടു.

‘സി.ഇ.സിയുടെ നടപടികൾ ഏകാധിപത്യപരവും യുക്തിരഹിതവുമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തന്നെ വിശേഷിപ്പിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാര് ഭരണകക്ഷിയെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്യം മുഴുവൻ മനസിലാക്കിക്കഴിഞ്ഞു'-ഖര്‍ഗെ പറഞ്ഞു. ക്രമക്കേടുകൾ പുറത്തുകൊണ്ടുവരികയും ഇതില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിണഷറുടെ പങ്ക് വ്യക്തമാക്കുകയും ചെയ്ത രാഹുൽ ഗാന്ധിക്ക് പൂർണ പിന്തുണ നൽകിയ എല്ലാവരോടും ഖര്‍ഗെ നന്ദി അറിയിച്ചു.

ENGLISH SUMMARY:

Congress President Mallikarjun Kharge demanded the immediate resignation and removal of Chief Election Commissioner (CEC) Gyanesh Kumar, accusing him of acting as a "puppet" under pressure from Prime Minister Narendra Modi to manipulate voter lists. Speaking at the Congress Working Committee (CWC) meeting, Kharge alleged that the CEC made arbitrary and dictatorial decisions in the voter list revision (Special Intensive Revision/SIR) exercise to favor the ruling BJP, ignoring objections raised internally by other Election Commissioners. Kharge stated that PM Modi must take moral responsibility for this institutional manipulation and resign. Outlining a five-point demand to ensure free and fair elections, Kharge announced that Congress will escalate protests across the country and raise the issue forcefully inside and outside Parliament