Image: Manorama
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി.വേണുഗോപാലിനെതിരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്ത അഞ്ചുപേരും കോണ്‍ഗ്രസ് അനുഭാവികള്‍. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോൺസൺ ഏബ്രഹാമായിരുന്നു പരാതി നല്‍കിയിരുന്നത്. അഞ്ച് സമൂഹമാധ്യമ പ്രൊഫൈലുകള്‍ക്കെതിരെ ആയിരുന്നു കേസെടുത്തിരുന്നത്. അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ മെറ്റയിൽ നിന്നു തേടിയിട്ടുണ്ട്.
Also Read: ‘നാട്ടിലേക്ക് തിരിക്കാന്‍ മണിക്കൂറുകള്‍ മാത്രം, വിമാനത്താവളത്തിലെത്തി കുടുംബം, പക്ഷേ അബൂട്ടി വന്നില്ല
സൈബർ ആക്രമണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി രണ്ടുമാസമായിട്ടും കേസെടുത്തിരുന്നില്ല. ഇതും ഏറെ ആക്ഷേപങ്ങള്‍ക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ ജൂലൈ 20നാണ് ജോൺസൺ എബ്രഹാം ഡിജിപിക്കു പരാതി നൽകിയത്. രണ്ടു മാസമായിട്ടും നടപടി ഉണ്ടാകാതിരുന്നതോടെ മന്ത്രി രമേശ് ചെന്നിത്തലയ്ക്കു പരാതി നൽകി. അദ്ദേഹം സൈബർ പൊലീസിന്റെ ചുമതലയുള്ള ഐജിയെ അന്വേഷണം ഏൽപിച്ചു. ഇതിനു പിന്നാലെയാണ് സൈബർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
Also Read: സൗദി തടവില്‍ നിന്നും 3 പേരെ മോചിപ്പിച്ചു; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത
സിജു സാമുവൽ, കെ.പി.ഹംസ, ജാഫർ കെ.അലിയാർ, അബ്ദുൽ ഖാദർ റെഷി, പി.സി.പുലാമന്തോൾ എന്നീ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നു കെ.സിയെ അധിക്ഷേപിക്കുന്ന പ്രചാരണമുണ്ടായി എന്നായിരുന്നു ജോൺസൺ എബ്രഹാമിന്റെ പരാതി. ഈ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണു കേസെടുത്തത്. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുന്നതിനെതിരെയുള്ള വകുപ്പ് (ബിഎൻഎസ് 192) ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്.
സൈബർ ആക്രമണത്തിനു പിന്നിൽ കോൺഗ്രസ് അനുകൂലികളാണെന്ന വിവരം കൂടി പുറത്തുവന്നതോടെ സൈബറിടത്തിലെ കോൺഗ്രസ് ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്കു കടന്നേക്കും.