protest-against-gyanesh-kumar
  • തിരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങൾ വ്യക്തമായ സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ മറ്റൊരു നടപടിയും സ്വീകാര്യമല്ലെന്ന നിലപാടില്‍ പ്രതിപക്ഷം.

തിരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങൾ വ്യക്തമായ സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ മറ്റൊരു നടപടിയും സ്വീകാര്യമല്ലെന്ന നിലപാടില്‍ പ്രതിപക്ഷം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ഇടതുപാർട്ടികളും രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. ഡിസിസികളുടെ നേതൃത്വത്തിൽ ഇന്ന് കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. യൂത്ത് കോൺഗ്രസ് ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് ഇന്ന് ഘെരാവോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപാർട്ടികളും ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. സിപിഎം, സിപിഐ, സിപിഐ(എംഎൽ) ഉൾപ്പെടെ അഞ്ച് ഇടതുപാർട്ടികളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിന്റെ ഭാഗമാകും. Also Read: 'പൈസ അളവില്‍ കൂടുതലായി, ഇന്‍കം ടാക്സ് ചോദ്യം ചെയ്തു'; യൂട്യുബ് വരുമാനത്തെ പറ്റി ഫിറോസ് ചുട്ടിപ്പാറ


തുടർ സമരപരിപാടികൾ തീരുമാനിക്കുന്നതിനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം നാളെ ചേരും. അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തലും രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. 2016ലെ വിമാനയാത്രയ്ക്കിടെ വിരമിച്ചശേഷം ബിജെപിയിൽ ചേരാൻ ഗ്യാനേഷ് കുമാർ തന്നോട് നിർദേശിച്ചെന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്. 2019ൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്നും ഗ്യാനേഷ് കുമാർ ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെളിപ്പെടുത്തലിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ ഗ്യാനേഷ് കുമാറിനെതിരായ ആരോപണം ശക്തമാക്കി. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് ബിജെപിയുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവാണ് ജിജി തോംസണിന്റെ വെളിപ്പെടുത്തലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ജിജി തോംസണിന്റെ വെളിപ്പെടുത്തൽ രാജ്യവ്യാപകമായി രാഷ്ട്രീയ ചർച്ചയായതോടെ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവും ശക്തമാകുകയാണ്. ചൊവ്വാഴ്ച എൽഡിഎഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

ENGLISH SUMMARY:

Opposition parties are intensifying nationwide protests demanding Chief Election Commissioner Gyanesh Kumar’s resignation. The protests have gained further momentum following former Kerala Chief Secretary Jiji Thomson’s allegation that Kumar suggested he contest the 2019 Lok Sabha election on a BJP ticket.