പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാൻ റവലൂഷനറി ഗാർഡ്. സ്വതന്ത്ര നാവിക സഞ്ചാരം ഉറപ്പാക്കാൻ രാജ്യാന്തര സമൂഹം കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ യുഎൻ പൊതുസഭയിൽ ആവശ്യപ്പെട്ടു. അതിനിടെ, ഹൂതികളുടെ ഡ്രോൺ-മിസൈൽ ആക്രമണഭീഷണിയുടെ പശ്ചാത്തലത്തിൽ സൗദി തലസ്ഥാനമായ റിയാദിൽ സ്കൂളുകളുടെ പ്രവർത്തനം ഓൺലൈനിലേക്ക് മാറ്റി.
Also read: യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ നിർദ്ദേശങ്ങൾ ട്രംപ് തള്ളി; സമാധാന ചർച്ചകൾ പ്രതിസന്ധിയില്‍
ഹോർമുസ് കടലിടുക്കിൽ നിരീക്ഷണം നടത്തുകയായിരുന്ന യുഎസിന്റെ 'റീമസ് 600' എന്ന ആളില്ലാ അന്തർവാഹിനിയാണ് ഇറാൻ റവലൂഷനറി ഗാർഡ് കസ്റ്റഡിയിലെടുത്തത്. അന്തർവാഹിനി ഉപയോഗിച്ച് യുഎസ് ചാരപ്രവർത്തനം നടത്തുകയായിരുന്നെന്നാണ് ഇറാന്റെ ആരോപണം. ഏതു നീക്കത്തെയും ചെറുക്കാൻ രാജ്യം ശക്തമാണെന്നും തിരിച്ചടിയുണ്ടായാൽ അമേരിക്കയ്ക്ക് വലിയ നഷ്ടമുണ്ടാകുമെന്നും സൈനിക വക്താവ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ, പുതിയതായി ജിമെയിൽ അക്കൗണ്ടുകൾ തുടങ്ങുന്നതിൽ നിന്ന് ഇറാൻ ഉപയോക്താക്കളെ ഗൂഗിൾ വിലക്കുന്നതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചെങ്കിലും കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യൻ സംഘർഷം പടരാതിരിക്കാൻ എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താൻ മധ്യസ്ഥശ്രമങ്ങൾക്ക് രാജ്യം സജ്ജമാണെന്നും ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസെയ്ദി വ്യക്തമാക്കി.മറ്റൊരു സംഭവത്തിൽ, യെമനിലെ തായിസ് പ്രവിശ്യയിലെ വ്യാപാര കേന്ദ്രത്തിൽ നടന്ന വ്യോമാക്രമണത്തിൽ കുട്ടികളടക്കം ഏഴുപേർ കൊല്ലപ്പെടുകയും നാൽപതുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഹൂതികൾ ഇവിടെ സൈനിക ക്യാമ്പ് ആരംഭിച്ചിരുന്നതായി യെമൻ സർക്കാർ അനുകൂല സേന ആരോപിച്ചു. ഹോർമുസ്, ബാബുൽ മൻദബ്, ചെങ്കടൽ, ഏദൻ കടൽ ഉൾപ്പെടെയുള്ള രാജ്യാന്തര നാവികപാതകൾ സുരക്ഷിതമാക്കേണ്ടത് ആഗോള ഊർജ്ജ വിപണിയുടെ ആവശ്യമാണെന്നും, നിസ്സംഗത വെടിഞ്ഞ് ലോകരാജ്യങ്ങൾ ഇടപെടണമെന്നും യുഎൻ പൊതുസഭയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. അതേസമയം, ഹമാസിന് ഖത്തർ സാമ്പത്തിക സഹായം നൽകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി വ്യക്തമാക്കി.