AFP
ചൈനീസ് ചാരവനിതയെന്ന് യുഎസ് ഏജൻസികൾ സംശയിക്കുന്ന സ്ത്രീയുമായുള്ള പ്രണയബന്ധവും കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥയുമായുള്ള ബന്ധവും വിവാദമായതോടെ എന്‍വിഡിയ സി.ഇ.ഒ ജെന്‍സെന്‍ ഹുവാങ് രാജിവച്ചു. സി.എഫ്.ഒ കൊളെറ്റ് ക്രെസിന് സി.ഇ.ഒയുടെ താല്‍ക്കാലിക ചുമതല നല്കി. ജെന്‍സെന്റെ രാജിക്ക് പിന്നാലെ ഓഹരിവിപണിയില്‍ 10 % വരെ ഇടിവ് നേരിട്ടു.
ചാരവനിതയെ ഉപയോഗിച്ച് ചൈന ചിപ് നിർമാണ രഹസ്യങ്ങൾ ചോർത്തിയോ എന്നു കണ്ടെത്താൻ യുഎസിലെ പ്രമുഖ ചിപ് നിർമാതാക്കളായ എൻവിഡിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എൻവിഡിയയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ജെൻസെൻ ഹുവാങ് (63) ചൈനക്കാരിയായ ആലീസ് ഹുവാങ്ങുമായി തനിക്കുള്ള ബന്ധം തുറന്നുസമ്മതിച്ചതോടെയാണ് തീരുമാനം. എൻവിഡിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനു മുന്നിലാണു ജെൻസെൻ വിവാഹേതര ബന്ധം സമ്മതിച്ചത്. 33 വർഷമായി സിഇഒ ആയി തുടരുന്ന ജെൻസെനെതിരെ കമ്പനി നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് സ്വതന്ത്ര ഡയറക്ടർമാരും പുറത്തുനിന്നുള്ള അഭിഭാഷകരും അടങ്ങുന്ന സമിതി മേൽനോട്ടം വഹിക്കും.
നിർണായക വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നു കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. പുറത്തുവന്ന വിവരങ്ങളുടെ നിജസ്ഥിതിയാണ് അന്വേഷിക്കുന്നത്. ചാരപ്രവർത്തനം നടന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈന വ്യക്തമാക്കി.
സിംഗപ്പൂർ ആസ്ഥാനമായ ഡേറ്റ സെന്റർ കമ്പനിയായ മെഗാസ്പീഡിന്റെ സീനിയർ എക്സിക്യൂട്ടീവായ ആലീസ് ഹുവാങ് ചാരപ്രവർത്തനം നടത്തിയതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയതായി കഴിഞ്ഞമാസം വാർത്തകൾ പുറത്തുവന്നിരുന്നു. ആലീസ് ഹുവാങ്, എഐ ചിപ്പുകൾ സംബന്ധിച്ച് ചൈനയ്ക്കു വിവരങ്ങൾ ചോർത്തിയെന്നാണു വാദം. എഐ ചിപ്പുകൾ വാങ്ങുന്നതിന് യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണം മറികടക്കാൻ ചൈനയെ ആലീസ് സഹായിച്ചിട്ടുണ്ടാകുമെന്ന റിപ്പോർട്ട് ചൈന തള്ളിയിരുന്നു.
ചിപ്പ് തുറന്ന് വിവാദം
ചാരവനിതയിലൂടെ വിവാദത്തിലായ ‘എൻവിഡിയ’ ലോകത്തെ ഏറ്റവും വലിയ സെമികണ്ടക്ടർ കമ്പനിയാണ്. ഓഹരിമൂല്യം 422 ലക്ഷം കോടി രൂപ വരുന്ന എൻവിഡിയ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയാണ്. ചാരവിവാദത്തിലെ കേന്ദ്രബിന്ദു ജെൻസൻ ഹുവാങ്, 1993 ൽ ക്രിസ് മലാചോവ്സ്കി, കർട്ടിസ് പ്രീം എന്നിവർക്കൊപ്പമാണ് കമ്പനി സ്ഥാപിച്ചത്. കലിഫോർണിയയിലെ സാന്റാ ക്ലാരയാണ് ആസ്ഥാനം. കംപ്യൂട്ടറുകളുടെ ഗ്രാഫിക്സ് പ്രവർത്തനം വേഗത്തിലാക്കുന്ന ജിപിയു ചിപ്പുകളിലൂടെയാണ് കമ്പനി വളർന്നത്. ഗെയിമിങ് രംഗത്തും സൂപ്പർ കംപ്യൂട്ടിങ്ങിലും നിർമിതബുദ്ധി മേഖലയിലും എൻവിഡിയ നിർണായകമാണ്. ഓപ്പൺഎഐ ഉൾപ്പെടെയുള്ള ആധുനിക എഐ സംവിധാനങ്ങളുടെ പരിശീലനത്തിനും പ്രവർത്തനത്തിനും എൻവിഡിയ ചിപ്പുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. റോബട്ടിക്സ്, സ്വയംനിയന്ത്രിത വാഹനങ്ങൾ, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിലും കമ്പനിക്കു സാന്നിധ്യമുണ്ട്.
Also read: ‘സെക്സ്പിയൊണാജ്’; ന്യൂജെന്‍ കാലത്തെ തേന്‍കെണി
അതേസമയം, ജെൻസെൻ ഹുവാങ് സത്യസന്ധനായ വ്യക്തിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. ട്രംപിന് ഒരുവർഷം മുൻപേ ചാരപ്രവർത്തനത്തെപ്പറ്റി വിവരം നൽകിയിരുന്നെങ്കിലും ചൈനയുമായുള്ള ബന്ധം തകരാതിരിക്കാൻ രഹസ്യമാക്കിവച്ചുവെന്നു ന്യൂയോർക്ക് ടൈംസ് കഴിഞ്ഞമാസം വാർത്ത പുറത്തുവിട്ടിരുന്നു.
ജെൻസെൻ ഹുവാങ്ങിനെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടർന്ന് കമ്പനിയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. അന്വേഷണം കമ്പനിയുടെ ഭാവി പരിപാടികൾ വൈകിപ്പിച്ചേക്കാമെന്നുള്ള വിദഗ്ധരുടെ മുന്നറിയിപ്പിനെത്തുടർന്നാണിത്.
ചിപ് യുദ്ധം
ആധുനിക സെമികണ്ടക്ടർ സാങ്കേതികവിദ്യയുടെ ആധിപത്യത്തിനായി യുഎസും ചൈനയും നടത്തുന്ന കിടമത്സരമാണു ‘ചിപ് വാർ’ എന്നറിയപ്പെടുന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ, എഐ തുടങ്ങിയ മേഖലകളിലെല്ലാം തന്നെ പ്രാധാന്യമുള്ളതിനാൽ സെമികണ്ടക്ടർ മേഖല നിർണായകമാണ്. ചൈനയുമായി ഉരസി നിൽക്കുന്ന തയ്വാൻ ലോകത്തെ വൻകിട ചിപ് നിർമാതാക്കളാണെന്നത് ഈ മത്സരത്തെ ലോകരാഷ്ട്രീയതലത്തിലേക്ക് ഉയർത്തുന്നു. ചൈനയുടെ സാങ്കേതികവളർച്ച തടയാൻ യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, ചിപ് നിർമാണത്തിൽ സ്വയംപര്യാപ്തത നേടാനാണു ചൈനയുടെ ശ്രമം.
ജെൻസെൻ ഹുവാങ്
തയ്വാനിൽ ജനനം. എൻജിനീയറിങ്ങിന് സഹപാഠിയായിരുന്ന ലോറി ഹുവാങ് ആണ് ഭാര്യ. മകളും മകനും എൻവിഡിയയിലാണ് ജോലി ചെയ്യുന്നത്.
ആലീസ് ഹുവാങ്
ചൈനയിലെ മുൻ ടെലിവിഷൻ റിപ്പോർട്ടർ. ആലീസിനെ ആഭ്യന്തരമന്ത്രാലയം ചാരപ്രവർത്തനത്തിന് തിരഞ്ഞെടുത്തുവെന്നാണ് സൂചന. ഡേറ്റ സെന്റർ അതിനുള്ള മറയെന്നാണു വാദം. നാൽപതുകളിലാണു പ്രായം.