യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇതോടെ ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ചർച്ചകൾ കടുത്ത പ്രതിസന്ധിയിലായി. അതിനിടെ, സൗദി തലസ്ഥാനമായ റിയാദിലും ഖമീസ് മുഷൈത്തിലും ഹൂതികൾ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ സൗദി പ്രതിരോധ സേന തകർത്തു.
മരവിപ്പിച്ച ബാങ്ക് സ്വത്തുക്കൾ വിട്ടുനൽകുന്നതടക്കമുള്ള നിബന്ധനകൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ നിർദ്ദേശങ്ങൾ തള്ളിയത്. ഇതോടെ യുഎൻ പൊതുസഭയുടെ ഭാഗമായി ന്യൂയോർക്കിൽ മുഖ്യ മധ്യസ്ഥരായ ഖത്തറും യുഎസും നടത്തിയ തിരക്കിട്ട ചർച്ചകൾ വഴിമുട്ടി. പരമോന്നത നേതാവ് ആയത്തുല്ല മൊജ്തബ ഖമനയിയുടെ അനുമതിയോടെയാണ് ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള നിർദ്ദേശം വെച്ചതെന്നും, എന്നാൽ ആണവ സമ്പുഷ്ടീകരണത്തിൽ പിന്നോട്ടില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്ക്യാൻ വ്യക്തമാക്കി. ജൂണിൽ ഇരുകൂട്ടരും അംഗീകരിച്ച ധാരണപത്രത്തിലെ കാര്യങ്ങൾ മാത്രമാണ് മുന്നോട്ടുവെച്ചതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചിയും വ്യക്തമാക്കി.
Also read: 'ഇന്ത്യയെ നിലംപരിശാക്കി, പാഠം പഠിപ്പിച്ചു!' യുഎന്നില്‍ വീണ്ടും പാക് പ്രധാനമന്ത്രിയുടെ ‘ഗുണ്ട്’!
ഇതിനിടെ, രോഗികൾ, വിദ്യാർത്ഥികൾ, തീർത്ഥാടകർ എന്നിവരുടെ യാത്ര മുടങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടി വ്യോമ ഉപരോധത്തിൽ മാനുഷിക ഇളവ് അനുവദിക്കണമെന്ന് ഇറാഖ് ഭരണകൂടം അമേരിക്കയോട് അഭ്യർത്ഥിച്ചു. മറുഭാഗത്ത്, സൗദിയിലെ റിയാദും ഖമീസ് മുഷൈത്തും ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്ത ഡ്രോണുകളും മിസൈലുകളും സൗദി സഖ്യസേന ആകാശത്തുവെച്ച് തകർത്തു.
ആക്രമണത്തെ ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദെയ്‌വി അപലപിച്ചു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ പാക്കിസ്ഥാൻ കരസേനാ മേധാവി ജനറൽ അസീം മുനീറുമായി കൂടിക്കാഴ്ച നടത്തി. തായിസിനെ തെക്കുപടിഞ്ഞാറൻ മേഖലയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന മലയോര പാതയായ ഹജത് അൽ അബ് പിടിച്ചെടുക്കാനുള്ള ഹൂതികളുടെ നീക്കം തകർത്തതായി യെമൻ സൈന്യവും അറിയിച്ചു.