Image Credit: Reuters

Image Credit: Reuters

  • 'ഒരുവര്‍ഷം മുന്‍പ് വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യ പാക്കിസ്ഥാന് മേല്‍ കടന്നുകയറ്റം നടത്തി. പാക്കിസ്ഥാന്‍ സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്തത്'

‘ഓപ്പറേഷന്‍ സിന്ദൂര്‍’ സമയത്ത് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കൃത്യസമയത്ത് ആവശ്യമായ സഹായം നല്‍കിയെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.  യുഎന്‍ പൊതുസഭയിലാണ് പാക്കിസ്ഥാന്‍ വീണ്ടും അമേരിക്കന്‍ സഹായം ഓര്‍മിപ്പിച്ചത്. 'ആണവശക്തികളായ രണ്ട് രാജ്യങ്ങള്‍ സര്‍വ സന്നാഹത്തോടെ യുദ്ധത്തിലേക്ക് നീങ്ങുന്ന നേരത്താണ് ട്രംപ് ഇടപെട്ടത്. ആ സമയത്ത് ട്രംപ് ഇടപെട്ടില്ലായിരുന്നുവെങ്കില്‍ സര്‍വനാശം സംഭവിച്ചേനെ. സ്ഥിതി ഗുരുതരമെന്ന് കണ്ട് ഗൗരവമായ ഇടപെടലാണ് ട്രംപ് നടത്തിയത്' – ഷരീഫ് പറഞ്ഞു. Also Read: 'ഭീകരരാജ്യമാണോ എന്നോടീ ചോദ്യം ചോദിക്കുന്നത്'?; പാക് മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച് എസ്.ജയശങ്കര്‍

'ഒരുവര്‍ഷം മുന്‍പ് വ്യാജ ആരോപണം ഉന്നയിച്ച് ഇന്ത്യ പാക്കിസ്ഥാന് മേല്‍ കടന്നുകയറ്റം നടത്തി. പാക്കിസ്ഥാന്‍ സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്തത്' എന്നും ‘ഓപ്പറേഷന്‍ സിന്ദൂറി’നെ പരാമര്‍ശിച്ച് പാക് പ്രധാനമന്ത്രി പറഞ്ഞു. സേനാമേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും സംഘവും എതിരാളികളെ നിലംപരിശാക്കി. ഒരിക്കലും മറക്കാന്‍ കഴിയാത്ത പാഠം പഠിപ്പിച്ചുവെന്നും ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. 'പാക്കിസ്ഥാന്‍റെ ധീരയോദ്ധാക്കള്‍, പ്രഫഷണലിസം എന്തെന്ന് കാണിച്ചു. എതിരാളികളെ നിശബ്ദരാക്കി. അവരുടെ ആക്രമണത്തെ ചെറുത്തു.'- എന്നായിരുന്നു ഷെരീഫിന്‍റെ വാക്കുകള്‍. 

അതേസമയം, സിന്ധു നദീജല കരാര്‍ പുനഃസ്ഥാപിക്കാന്‍ ഇന്ത്യ തയാറാകണമെന്നും പാക്കിസ്ഥാന് അവകാശപ്പെട്ട വെള്ളം തടയുന്നത് യുദ്ധമായി തന്നെ കണക്കാക്കുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. പാക്കിസ്ഥാന്‍റെ ജീവനാഡിയാണ് സിന്ധു നദിയെന്നും അതിലെ വെള്ളം തടയാന്‍ ഇന്ത്യയ്ക്ക് അവകാശമില്ലെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ' വെള്ളത്തെ ആയുധമാക്കുന്നത് ശരിയല്ല. രാജ്യങ്ങളെ പുഷ്ടിപ്പെടുത്താനുള്ളതാണ് വെള്ളം. അല്ലാതെ വിഭജിക്കാനുള്ളതല്ല. അതുകൊണ്ട് തന്നെ സിന്ധു ജലം തടയുന്ന ഏത് പ്രവര്‍ത്തിയും യുദ്ധമായി കണക്കാക്കും. ഇന്ത്യ അത്തരമൊരു അബദ്ധം കാണിക്കാതെ നോക്കുമെന്ന് പ്രതീക്ഷിക്കുന്നു'- ഷെരീഫ് പറഞ്ഞു. 

പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ നിയന്ത്രിത സൈനിക നടപടി നടത്തുകയും പിന്നാലെ സിന്ധു ജല കരാര്‍ റദ്ദാക്കുകയും ചെയ്തത്. 

ENGLISH SUMMARY:

Addressing the UN General Assembly, Pakistan Prime Minister Shehbaz Sharif thanked Donald Trump and Asim Munir over 'Operation Sindoor'. Sharif warned that blocking Pakistan's water supply under the Indus Waters Treaty would be treated as an act of war.