Image Credit: X/suvenduadhikari
ബംഗാളിലെ നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ഹസിരാണി റാഥ് സമര്‍പ്പിച്ച സത്യവാങ്മൂലം അടിമുടി വ്യാജമെന്ന് കോണ്‍ഗ്രസ്. ഇവരെ അയോഗ്യയാക്കണമെന്ന് കാണിച്ച് കല്‍ക്കത്ത ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജിയും സമര്‍പ്പിച്ചു. തനിക്ക് അറുപത് വയസിന് മേല്‍ പ്രായമുണ്ടെന്നും 1965 ല്‍ പത്താംക്ലാസ് പാസായി എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനനത്തീയതി കൃത്യമായി സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുമില്ല. വിദ്യാഭ്യാസ യോഗ്യതയുടെ കോളത്തിലാണ് ചൗഖാലി ഗംഗ പദ്മ മിലന്‍ കന്യാ വിദ്യാപീഠില്‍ നിന്നും 1965 ല്‍ പത്താംക്ലാസ് പാസായി എന്ന് രേഖപ്പെടുത്തിയത്.
2026 ല്‍ അറുപത് വയസ് ഹസിരാണിക്ക് ആകണമെങ്കില്‍ ഏകദേശം 1966 ലെങ്കിലും അവര്‍ ജനിച്ചിരിക്കണം. ആ കണക്ക് വച്ച് നോക്കിയാല്‍ ഒരു വയസുള്ളപ്പോള്‍ ഹസിരാണി പത്താംക്ലാസ് ജയിച്ചു! ഇനി ഹസിരാണിയുടെ വയസ് 65 ആണെന്ന് കരുതിയാല്‍ തന്നെ ജനന വര്‍ഷം 1961 ആകും. അങ്ങനെ വന്നാല്‍ നാല് വയസുള്ളപ്പോള്‍ പത്താം ക്ലാസ് ജയിച്ചു! ഇതെന്തൊരു കണക്കെന്നാണ് കോണ്‍ഗ്രസ് ചോദ്യമുയര്‍ത്തുന്നത്.
സാധാരണ എല്ലാവരും 14 നും 16നും ഇടയില്‍ പ്രായമുള്ളപ്പോഴാണ് പത്താംക്ലാസ് പാസാകുക. അത് വച്ച് കണക്കു കൂട്ടിയാല്‍ 1949 നും 51നും ഇടയിലാകും ഹസിരാണി ജനിച്ചിട്ടുണ്ടാവുക. അങ്ങനെയെങ്കില്‍ 2026 ല്‍ അവര്‍ക്ക് 75നും 77നും ഇടയിലാകും പ്രായമുണ്ടാവുകയെന്നതാണ് കണക്ക്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തരം അടിസ്ഥാന വസ്തുതകള്‍ പോലും പരിശോധിക്കുന്നില്ലെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാനെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലന്‍ പ്രധാന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് മിലനെ 2007 ലെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ മൂന്നുവരെ കോടതി കസ്റ്റഡിയിലും വിട്ടു. രണ്ടു പതിറ്റാണ്ട് മുന്‍പുള്ള ആയുധം കൈവശം വച്ച കേസില്‍ ഒക്ടോബര്‍ അഞ്ചുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മറ്റൊരു കോടതിയും മിലനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ ആറിനാണ് നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്. പ്രചാരണം ഒക്ടോബര്‍ നാലിന് അവസാനിക്കും. ഒന്‍പതിനാണ് വോട്ടെണ്ണല്‍.