• ബിജെപി സംസ്ഥാന പ്രഭാരി സ്ഥാനത്തുനിന്ന് മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറെ മാറ്റി പകരം ബിജെപി ദേശീയ സെക്രട്ടറിയും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവുമായ എം. നാഗരാജിനെ പുതിയ കേരള പ്രഭാരിയായി നിയമിച്ചു.

ബിജെപി സംഘടനാ പുനഃസംഘടനയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ പ്രഭാരിമാരെ പ്രഖ്യാപിച്ച കൂട്ടത്തിൽ കേരളത്തിന്റെ ചുമതലയിൽ നിർണ്ണായക മാറ്റം. കേരള പ്രഭാരി സ്ഥാനത്തുനിന്ന് മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറെ മാറ്റി ബിജെപി ദേശീയ സെക്രട്ടറിയും കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവുമായ എം. നാഗരാജിനെ പുതിയ കേരള പ്രഭാരിയായി നിയമിച്ചു. 

തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ സെക്രട്ടറി എം. വെങ്കടേശനാണ് പുതിയ കേരള സഹപ്രഭാരി. ദേശീയ തലത്തിൽ സംഘടനാ പുനഃസംഘടന പൂർത്തിയായതിന് പിന്നാലെ ബിജെപി കേന്ദ്ര നേതൃത്വമാണ് പുതിയ പ്രഭാരിമാരുടെ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടത്.

കഴിഞ്ഞ കാലങ്ങളിൽ കേരളത്തിൽ ബിജെപിയുടെ സംഘടനാ വളർച്ചയ്ക്ക് മുഖ്യ പങ്കുവഹിച്ച പ്രകാശ് ജാവദേക്കർ മാറുമ്പോൾ, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ നേതാക്കളെയാണ് പുതിയ ചുമതലകൾ ഏൽപ്പിച്ചിരിക്കുന്നത്. പുതിയതായി നിയമിക്കപ്പെട്ട എം. നാഗരാജും എം. വെങ്കടേശനും ബിജെപി ദേശീയ സെക്രട്ടറിമാർ എന്ന നിലയിൽ പാർട്ടി സംഘടനാ രംഗത്ത് പ്രവൃത്തിപരിചയമുള്ള നേതാക്കളാണ്. സ്വാഭാവികമായ സംഘടനാ പുനഃസംഘടന പ്രക്രിയയുടെ ഭാഗമായാണ് നിലവിലെ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്.

അതോടൊപ്പം, കേരളത്തിൽ നിന്നുള്ള നേതാക്കൾക്കും മറ്റ് സംസ്ഥാനങ്ങളിൽ പ്രഭാരി സ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. ബിജെപി ദേശീയ സെക്രട്ടറിയായ കെ. സുരേന്ദ്രനെ പുതുച്ചേരിയുടെ പ്രഭാരിയായി നിയമിച്ചു. മറ്റൊരു ദേശീയ സെക്രട്ടറിയായ അനിൽ ആന്റണിക്ക് നാഗാലാൻഡിന്റെ പ്രഭാരി ചുമതലയും ഗോവയുടെ സഹപ്രഭാരി ചുമതലയും, ജോര്‍ജ് കുര്യന്‍ ലക്ഷദ്വീപിന്റെ പ്രഭാരി ചുമതലയുമാണ് നൽകിയിരിക്കുന്നത്.  

ENGLISH SUMMARY:

The Bharatiya Janata Party has officially announced new state in-charges as part of its nationwide organizational restructuring. BJP National Secretary and Rajya Sabha MP from Karnataka, M. Nagaraj, has been appointed as the new Kerala Prabhari, replacing senior leader Prakash Javadekar. BJP National Secretary M. Venkateshan from Tamil Nadu will serve as the new Kerala Co-Prabhari. Additionally, Kerala leaders K. Surendran and Anil Antony have been assigned responsibilities outside the state as in-charges of Puducherry and Nagaland, respectively.