യുവാക്കളെയും വിദ്യാർഥികളെയും പാർട്ടിയിലേക്ക് ആകർഷിക്കാൻ രാഹുൽ ഗാന്ധി ഇൻഡോറിൽ ‘ഛാത്രോം കി ഗൂഞ്ച്’ എന്ന പരിപാടിയുടെ വേദിയിലേക്ക് കയറുന്നതിന് തൊട്ടുമുൻപാണ് ഡൽഹിയിൽനിന്ന് ആ വാർത്ത വരുന്നത്. ഡൽഹി സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്‌യുവിന് കേന്ദ്ര പാനലിൽ സീറ്റ് എണ്ണം വട്ടപ്പൂജ്യം. വിദ്യാർഥികൾക്കായുള്ള രാഹുലിന്റെ ഇടപെടലും ജന്തർ മന്തർ സമരവും ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യവും ക്യാംപസിലെ എൻഎസ്‌യു നേതൃത്വത്തിന്റെ പ്രവർത്തനവും വിദ്യാർഥികൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം മുതലാക്കി നാലു സീറ്റും പോക്കറ്റിലാക്കാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, എട്ടുനിലയിലാണ് പൊട്ടിയത്. പതിവുപോലെ തിരഞ്ഞെടുപ്പ് ക്രമക്കേടെന്ന ആരോപണവുമായി എൻഎസ്‌യു ദേശീയ നേതാക്കൾ എത്തി.
ആവശ്യം നിഷ്കരുണം തള്ളിയ സർവകലാശാല അധികൃതർ വീണ്ടും വോട്ടെണ്ണില്ലെന്ന് വ്യക്തമാക്കി. നേതാക്കളുടെ പ്രതികരണം കേട്ടാൽ തോന്നും, എൻഎസ്‌യുവിനും കോൺഗ്രസിനും തോൽവി അപ്രതീക്ഷിതമായിരുന്നു എന്ന്. അങ്ങനെയല്ല. സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞപ്പോഴേ തോറ്റുതുന്നം പാടുന്ന എൻഎസ്‌യുവിന്റെ ചിത്രം എല്ലാവരുടെയും മുന്നിലുണ്ടായിരുന്നു. ക്യാംപസിലെ ചലനങ്ങൾ മനസ്സിലാക്കാതെ ധാർഷ്ട്യത്തിലും വ്യക്തിതാൽപര്യങ്ങളിലും ഉറച്ചുനിന്ന നേതൃത്വം തന്നെയാണ് പരാജയത്തിന് ഉത്തരവാദിയെന്ന വിമർശനമാണ് ഉയരുന്നത്. എൻഎസ്‌യുവിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കനയ്യ കുമാറിലേക്കാണ് ഈ ആരോപണം ചെന്നെത്തുന്നത്. ആരോപണത്തിന്റെ ആഴം അറിയണമെങ്കിൽ എൻഎസ്‌യു സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ദീപാൻഷു ഷൗക്കീന്റെ ഭൂരിപക്ഷം നോക്കിയാൽ മതി. 13,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം. രാഹുൽ ഗാന്ധി മാത്രം പ്രവർത്തിച്ചാൽ പോരാ, തൊട്ടുതാഴെയുള്ള നേതാക്കൾക്കും രാഹുൽ ഗാന്ധിയുടെ പ്രവർത്തനം മനസ്സിലാകണമെന്നാണ് ഷൗക്കീന്റെ മറുപടി.
Also Read: ‘ഞാന്‍ ചവിട്ടിപ്പിടിച്ചതാ, സിഐയോട് പറയേണ്ട, അവന്‍ ചാവുന്നെങ്കില്‍ ചാവട്ടേ...’; പൊലീസുകാരുടെ സംഭാഷണം
കോൺഗ്രസിന് വട്ടപ്പൂജ്യം, എബിവിപിക്ക് ഹാട്രിക്: നാല് പ്രധാന സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻഎസ്‌യു തകർന്നടിഞ്ഞു. പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ മൂന്ന് സുപ്രധാന പദവികളും ബിജെപി അനുകൂല സംഘടനയായ എബിവിപി സ്വന്തമാക്കി. ദുർബല സ്ഥാനാർഥികളെന്ന വിലയിരുത്തൽ ഉണ്ടായിരുന്നതിനാൽ എബിവിപി തന്നെ ഈ വിജയം പ്രതീക്ഷിച്ചിരുന്നോ എന്നതും സംശയമാണ്. അവശേഷിച്ച വൈസ് പ്രസിഡന്റ് സ്ഥാനം എൻഎസ്‌യു വിമതൻ ദീപാൻഷു കൊണ്ടുപോയി. കഴിഞ്ഞതവണ എൻഎസ്‌യു പിടിച്ച ഏക സീറ്റ് വൈസ് പ്രസിഡന്റ് പദമായിരുന്നു. വിമത ഭീഷണി വൈസ് പ്രസിഡന്റ് സ്ഥാനത്ത് മാത്രമായി ഒതുങ്ങിയില്ല എന്നതാണ് മറ്റൊരു വസ്തുത. ജോയിന്റ് സെക്രട്ടറി സ്ഥാനത്തും എൻഎസ്‌യുവിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ ഗോപാൽ ചൗധരിയേക്കാൾ കൂടുതൽ വോട്ടുകൾ വാരിക്കൂട്ടിയത് വിമതനായി മത്സരിച്ച വിശേഷ് യാദവാണ്.
വിശേഷിനും എൻഎസ്‌യു സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കേണ്ടിവന്നു. നീറ്റ് പരീക്ഷാ വിവാദങ്ങളും സർക്കാരിനെതിരായ വിദ്യാർഥി രോഷവും നിലനിൽക്കുന്ന അനുകൂലമായ സാഹചര്യത്തിൽ പോലും വിമതരെ അനുനയിപ്പിച്ച് ഒരു സീറ്റ് നേടാനാകാത്തത് എൻഎസ്‌യു നേതൃത്വത്തിന്റെ കഴിവുകേടാണെന്ന വിമർശനവും ഉയരുന്നു.
ചെരിപ്പിടാതെ നടന്നവൻ ഹീറോ, തോറ്റമ്പി നേതാവിന്റെ മകൻ: സംഘടനയ്ക്കുവേണ്ടി രാപ്പകൽ അധ്വാനിച്ച ഒരു സാധാരണ വിദ്യാർഥിക്ക് അർഹിച്ച സീറ്റ് നിഷേധിക്കുന്നു. പകരം നേതാവിന്റെ മകന് സീറ്റ് നൽകുന്നു. ഒടുവിൽ ആ വിദ്യാർഥി സ്വതന്ത്രനായി മത്സരിച്ച് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയെ തറപറ്റിക്കുന്നു! ഡിടിസി ബസ് ജീവനക്കാരന്റെ മകനായ ദീപാൻഷു ഷൗക്കീനാണ് ഇത്തവണത്തെ ഹീറോ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആഗ്രഹിച്ച ദീപാൻഷുവിനെ തഴഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് മനീഷ് ഛത്രത്തിന്റെ മകനായ വീർ ഛത്രത്തിനാണ് എൻഎസ്‌യു ടിക്കറ്റ് നൽകിയത്. ഇതോടെ സ്വതന്ത്രനായി ജനവിധി തേടിയ ദീപാൻഷു ഷൗക്കീൻ നേടിയത് ചരിത്രവിജയം. ഡൽഹി സത്യനികേതനിൽ പിജി ഹോസ്റ്റൽ കെട്ടിടം തകർന്ന് അഞ്ച് ഡിയു വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർ മരിച്ച ദാരുണ സംഭവത്തിൽ പ്രതിഷേധിച്ച് ക്യാംപസുകളിൽ ചെരിപ്പിടാതെയാണ് ദീപാൻഷു വോട്ട് ചോദിച്ചത്.
വിദ്യാർഥികളുടെ താമസപ്രശ്നങ്ങളും ഉയർന്ന ഫീസും ചർച്ചയാക്കിയ ആ പ്രചാരണത്തിന് മുന്നിൽ നേതാവിന്റെ മകൻ നിഷ്പ്രഭനായി. ഫലം വന്നപ്പോൾ ദീപാൻഷു നേടിയത് 30,615 വോട്ടുകൾ! എൻഎസ്‌യുവിന്റെ ഔദ്യോഗിക സ്ഥാനാർഥി വീർ ഛത്രത്തിന് ലഭിച്ചത് വെറും 4,313 വോട്ടുകളും. എബിവിപിയുടെ ഇഷു മൗര്യയെ 13,000-ത്തിലേറെ വോട്ടുകൾക്കാണ് ദീപാൻഷു പരാജയപ്പെടുത്തിയത്. ജോയിന്റ് സെക്രട്ടറി പദത്തിലും സമാന പോരാട്ടമുണ്ടായി. വലിയ പിന്തുണയുണ്ടായിരുന്ന വിശേഷ് യാദവിന് സീറ്റ് നിഷേധിച്ചു. പകരം ഗോപാൽ ചൗധരിക്ക് സീറ്റ് നൽകി. വിശേഷ് സമാജ്‌വാദി പാർട്ടിയുടെ വിദ്യാർഥി സംഘടനയായ ഛാത്രസഭയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു. വിശേഷ് നേടിയത് 15,778 വോട്ട്. എൻഎസ്‌യു സ്ഥാനാർഥി ഗോപാൽ ചൗധരിക്ക് ലഭിച്ചത് 15,206 വോട്ട്. വിജയിച്ച എബിവിപി സ്ഥാനാർഥി ലക്ഷ്യ രാജ് സിങ്ങിന് ലഭിച്ചത് 16,615 വോട്ട്.
നിർണായകമായി ജാതി സമവാക്യം: ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ജാതി സമവാക്യം എക്കാലത്തും നിർണായകമാണ്. ജാട്ട്, ഗുജർ രാഷ്ട്രീയം ആധിപത്യം പുലർത്തുന്നു. 2026-27 തിരഞ്ഞെടുപ്പിൽ വിജയിച്ച നാല് സ്ഥാനാർഥികളിൽ രണ്ടുപേർ ജാട്ടുകളും ഒരാൾ ഗുജറും ഒരാൾ രജ്പുത്തുമാണ്. 2014 മുതൽ ജാട്ടുകളും ഗുജറുകളും പ്രസിഡന്റ് സ്ഥാനം വഹിച്ചുവരുന്നു. ഡൽഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ (DUSU) പരിധിയിൽ 52 കോളജുകളും സർവകലാശാലാ കേന്ദ്രങ്ങളും ഉൾപ്പെടുന്നു. ഇതിൽ ഔട്ടർ ഡൽഹിയിലെ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും ജാട്ട് വിഭാഗത്തിൽ നിന്നുള്ളവരാണ്. കൽക്കാജി മേഖലയിലെ കോളജുകളിലും അവരുടെ എണ്ണം ഗണ്യമായി കൂടുതലാണ്. 2010 മുതൽ അവരുടെ ആധിപത്യം വർധിച്ചുകൊണ്ടിരിക്കുകയാണ്.
കൂടാതെ, സൗത്ത് ക്യാംപസിലെ കോളജുകളിൽ ഗുജർ വിഭാഗത്തിൽനിന്നുള്ള ധാരാളം വിദ്യാർഥികളുണ്ട്. ഇവരും തിരഞ്ഞെടുപ്പുകളെ തങ്ങളുടെ പ്രതിച്ഛായയുമായി ബന്ധിപ്പിക്കുന്നു. ഇതൊന്നും പരിഗണിക്കാതെയാണ് എൻഎസ്‌യു നേതൃത്വം മുന്നോട്ടുപോയതെന്നാണ് വിമർശനം. ജാട്ട് വിഭാഗത്തിൽനിന്നുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആഗ്രഹം പ്രകടിപ്പിച്ച ദീപാൻഷു ഷൗക്കീനെ തടഞ്ഞപ്പോൾ തന്നെ കാര്യങ്ങൾ പാളി. ജാട്ട് വിഭാഗത്തിൽ നിന്നുള്ള വലിയൊരു വിഭാഗം വിദ്യാർഥികളും എൻഎസ്‌യുവിനെതിരെ തിരിഞ്ഞു. അത് നാല് സീറ്റുകളിലെയും എൻഎസ്‌യു സ്ഥാനാർഥികളെ ബാധിച്ചു. ജാട്ട് വിഭാഗത്തിന്റെ വിയോജിപ്പ് ജോയിന്റ് സെക്രട്ടറി പദത്തിൽ ലഭിച്ച വോട്ടുകളിൽ ഏറെ പ്രകടമായി. എൻഎസ്‌യു എസ്ടി വിഭാഗത്തിൽ നിന്നുള്ള വിജയ് ശങ്കർ മീണയെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. 22,523 വോട്ടുകൾ നേടിയെങ്കിലും വിജയിക്കാനായില്ല. എസ്‌സി-എസ്ടി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥികളുടെ പിന്തുണ മീണയ്ക്ക് ലഭിച്ചിരുന്നു. രാജസ്ഥാൻ വിദ്യാർഥികൾക്കിടയിലും അദ്ദേഹം പ്രിയങ്കരനായിരുന്നു. ഗുജർ സ്ഥാനാർഥിയുടെ അഭാവത്തിൽ അസ്വസ്ഥരായ ഗുജറുകളും അദ്ദേഹത്തെ പിന്തുണച്ചു. എന്നിട്ടും എബിവിപിയുടെ ജാട്ട് വിഭാഗത്തിൽ നിന്നുള്ള യാഷ് ദബാസിനെ പരാജയപ്പെടുത്താൻ മീണയ്ക്ക് കഴിഞ്ഞില്ല.
കനയ്യയ്ക്ക് കണക്ക് പറയേണ്ടിവരും: 2023 ജൂലൈ മുതൽ എൻഎസ്‌യുവിന്റെ ചുമതലയുള്ള കനയ്യ കുമാറിന് ഡൽഹി സർവകലാശാല ക്യാംപസുകളുടെ അന്തരീക്ഷം അറിയാഞ്ഞിട്ടല്ല. വ്യക്തിതാൽപര്യവും താഴെത്തട്ടിലുള്ളവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാത്ത മനോഭാവവുമാണ് ഇത്ര വലിയ തോൽവിക്ക് കാരണമെന്ന വിമർശനമാണ് ഉയരുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുമുൻപ് സംഘടനയ്ക്കുള്ളിലെ അതൃപ്തി തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധി പ്രശ്നപരിഹാരത്തിനായി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ചുമതലപ്പെടുത്തിയിരുന്നു എന്നാണ് വിവരം. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ യോഗവും ചേർന്നു. എന്നാൽ ആരോപണങ്ങളെല്ലാം തള്ളിയ കനയ്യ കുമാര്‍ നാല് സീറ്റുകളിലും വിജയം ഉറപ്പാണെന്ന് വാക്കുനൽകിയതായാണ് സൂചന.
സർവകലാശാലാ തിരഞ്ഞെടുപ്പുകളിൽ കനയ്യ കുമാര്‍ വിമർശനം നേരിടുന്നത് ആദ്യമായല്ല. കഴിഞ്ഞതവണയും ഡൽഹി സർവകലാശാലയിലെ സ്ഥാനാർഥി നിർണയവും പ്രചാരണവും സംബന്ധിച്ച് കനയ്യ കുമാറിനെതിരെ ആരോപണം ഉയർന്നിരുന്നു. 2025-ലെ പഞ്ചാബ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിലും സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ വിമതരെ സൃഷ്ടിച്ചിരുന്നു. കനത്ത പരാജയമാണ് അന്നും എൻഎസ്‌യു ഏറ്റുവാങ്ങിയത്. ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ രാഹുൽ ഗാന്ധി, തോൽവിയുടെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാഥാർഥ്യത്തിന് നിരക്കാത്ത വിവരങ്ങൾ നൽകി ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിച്ചത് ആരാണ്? സ്ഥാനാർഥി നിർണയം ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നടന്നത്? തുടങ്ങിയ ചോദ്യങ്ങൾക്ക് കനയ്യ കുമാറും എൻഎസ്‌യു ദേശീയ അധ്യക്ഷൻ വിനോദ് ജാഖറും മറുപടി പറയേണ്ടിവരും. കൃത്യമായ അന്വേഷണത്തിന് ശേഷം കടുത്ത അച്ചടക്ക നടപടികൾക്ക് സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.