പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കെതിരെ ബിജെപി നേതാക്കൾ രംഗത്ത്. ഇൻഡോറിൽ നടന്ന 'ഛാത്രോം കി ഗൂഞ്ച്' പരിപാടിയ്ക്കിടെ സ്റ്റാൻഡ്- അപ്പ് കൊമേഡിയൻ പുൽകിത് മണിക്കൊപ്പമാണ് രാഹുൽ വിദേശ നേതാക്കളെ മോദി ആലിംഗനം ചെയ്യുന്നത് അനുകരിച്ചത്.
രാഹുൽ മോദിയുടെ അമ്മയെ അധിക്ഷേപിച്ചുവെന്നാണ് ബിജെപി ദേശീയ വക്താവ് സി.ആർ. കേശവൻ ആരോപിച്ചത്. 'മാന്യമായി ചിന്തിക്കുന്ന ഒരു വ്യക്തിയും ഈ മൂന്നാംകിട തമാശകളെ രസകരമായി കാണില്ല, വേദിയിൽ രാഹുൽ ഗാന്ധി ഉറക്കെ ചിരിക്കുന്നതായി കണ്ടു. രാഹുൽ അംഗീകരിക്കുന്ന ഇത്തരം അപരിഷ്കൃത സംസ്കാരമാണ് അദ്ദേഹവും കോൺഗ്രസും യുവാക്കളുമായി ബന്ധപ്പെടുന്നതിൽ പരാജയപ്പെടാൻ കാരണം' കേശവൻ വിമർശിച്ചു. ഈ കാര്യത്തിൽ പാർട്ടിയുടെ പരാജയം കോൺഗ്രസിന്റെ സ്വന്തം നേതാവായ ശശി തരൂർ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും ധാർമ്മിക അധഃപതനത്തിലേക്ക് വീണു. പ്രധാനമന്ത്രി മോദിയുടെ പരേതയായ മാതാവിനെ പരിഹസിക്കാനും അപമാനിക്കാനും ഒരു വിദ്യാർഥി സംവാദത്തെ ആയുധമാക്കുന്നത് അടിസ്ഥാനപരമായ മാനുഷിക സഹാനുഭൂതിയുടെയും രാഷ്ട്രീയ സംസ്കാരത്തിന്റെയും ഞെട്ടിക്കുന്ന അഭാവം വെളിപ്പെടുത്തുന്നു' - വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി പ്രതികരിച്ചു.
'കോൺഗ്രസ് നേതാവിന്റെ ഭാഷ അധഃപതിക്കുകയാണെന്ന്' ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും വിമർശിച്ചു. രാഹുലിന്റെ പരാമർശങ്ങളെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അന്തസിന് മുകളിലുള്ള ഒരു കളങ്കം എന്ന് വിശേഷിപ്പിക്കുകയും, ഇത്തരം ഭാഷ ഇന്ത്യയെ പ്രതിനിധീകരിക്കുന്നില്ലെന്നും, രാഷ്ട്രീയ നേതാക്കളുടെ വാക്കുകൾ, മൂല്യങ്ങൾ, മനോഭാവം എന്നിവ ജനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും കോൺഗ്രസിനെ വോട്ടർമാർ ആവർത്തിച്ച് തള്ളികളഞ്ഞിട്ടുണ്ടെന്നും ധാമി ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗശൈലിയും വിദേശ നേതാക്കളോടുള്ള ആലിംഗനവുമെല്ലാം നർമ്മരൂപത്തിൽ അവതരിപ്പിക്കുകയാണ് രാഹുലും പുൽകിത് മണിയും വേദിയിൽ ചെയ്തത്. ‘How are you Modiji?’ എന്ന സംഭാഷണത്തോടെയായിരുന്നു പ്രകടനത്തിലെ ചില ഭാഗങ്ങൾ. മോദിയുടെ സംസാരശൈലി അനുകരിച്ച പുൽകിത് മണി ‘My Friend, Great Harassment’ തുടങ്ങിയ പ്രയോഗങ്ങളും പറഞ്ഞിരുന്നു.