amit-shah

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. അതേസമയം, നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അമിത് ഷാ സുഖം പ്രാപിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. കർണാടക സന്ദർശനത്തിനിടെയാണ് അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇതേ തുടര്‍ന്ന് ശനിയാഴ്ച നിശ്ചയിച്ചിരുന്ന രണ്ട് പരിപാടികളിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

കർണാടകയിലെ ഹുബ്ബള്ളിയിലും ബെളഗാവിയിലുമുള്ള രണ്ട് ചടങ്ങുകളിലാണ് അമിത് ഷാ പങ്കെടുക്കേണ്ടിയിരുന്നത്. കെ.എൽ.ഇ ജഗദ്ഗുരു മൂരുസാവിരമഠ് മെഡിക്കൽ കോളജിന്റെ പുതിയ അക്കാദമിക് ബ്ലോക്കിന്റെയും 1,200 ബെഡുകളുള്ള ആശുപത്രിയുടേയും ഉദ്ഘാടനമായിരുന്നു ഒന്ന്. ശ്രീ ബീരേശ്വര കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനമായിരുന്നു മറ്റൊന്ന്. അമിത് ഷായുടെ അഭാവത്തിൽ പ്രള്‍ഹാദ് ജോഷി, കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ, മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, ജഗദീഷ് ഷെട്ടാർ എന്നിവരടങ്ങുന്ന സംഘമാണ് ഹുബ്ബള്ളിയിലെ പരിപാടി ഉദ്ഘാടനം ചെയ്തത്.

വെള്ളിയാഴ്ച രാത്രി വൈകിയാണ് അമിത് ഷാ ഹുബ്ബള്ളിയിൽ എത്തിയത്. ഭക്ഷ്യവിഷബാധയെത്തുടർന്ന് തുടർച്ചയായി ഛർദ്ദി അനുഭവപ്പെട്ടതോടെ കടുത്ത ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുകയായിരുന്നു. തുടർന്ന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹം ഹോട്ടൽ മുറിയിൽ വിശ്രമത്തിൽ പ്രവേശിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങി.

ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് അദ്ദേഹം ഹുബ്ബള്ളി ക്യാമ്പസ് സന്ദർശിച്ചതായി പ്രാദേശിക ബി.ജെ.പി നേതാക്കൾ അറിയിച്ചു. അമിത് ഷായുടെ ആരോഗ്യം പൂർണ്ണമായും തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രള്‍ഹാദ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തുകയായിരുന്നു കേന്ദ്രമന്ത്രി.

ENGLISH SUMMARY:

Union Home Minister Amit Shah experienced health discomfort due to food poisoning during his visit to Karnataka. Following continuous vomiting on Friday night, he was advised by doctors to take rest in his hotel room, leading to the cancellation of his scheduled programs in Hubballi and Belagavi on Saturday. Union Minister Pralhad Joshi, along with other leaders, stepped in to inaugurate the medical college and cooperative society events in his absence. Shah's health condition has since stabilized, and he returned to Delhi on Saturday evening after briefly visiting the Hubballi campus.