samajwadi-chhatra-sabha-02
  • ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറങ്ങൾക്ക് വലിയ അർഥതലങ്ങളുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. ഉൾഗ്രാമങ്ങളിൽ പലയിടത്തും പാർട്ടി പേരിനു പകരം നിറവും ചിഹ്നവും പറയുന്നവരെ കാണാം. അത്തരത്തിലുള്ള നിരവധി ഗ്രാമങ്ങൾ നിറഞ്ഞ ഉത്തർപ്രദേശിലാണ് ഈ നിറം മാറ്റം.

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറങ്ങൾക്ക് വലിയ അർഥതലങ്ങളുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. ഉൾഗ്രാമങ്ങളിൽ പലയിടത്തും പാർട്ടി പേരിനു പകരം നിറവും ചിഹ്നവും പറയുന്നവരെ കാണാം. അത്തരത്തിലുള്ള നിരവധി ഗ്രാമങ്ങൾ നിറഞ്ഞ ഉത്തർപ്രദേശിലാണ് ഈ നിറം മാറ്റം. അതും നാലുതവണ സംസ്ഥാനം ഭരിച്ച സമാജ് വാദി പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ ഛാത്ര സഭ നിറം മാറുമ്പോൾ അതിന് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഏറെയുണ്ട്. അത് പാർട്ടിയുടെ നടപ്പ് രീതിയിലും നിലപാടിലുമുള്ള മാറ്റം കൂടിയാണ്. Also Read: ‘എന്നെ സഹായിക്കൂ; ഞാന്‍ പെട്ടിരിക്കയാണ്’; താലിബാന്‍ പിടിയില്‍ ബാക്ക്പാക്കർ അരുണിമ


samajwadi-chhatra-sabha-03

ചുവപ്പിൽ നിന്ന് നീലയിലേക്ക്: അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിനായുള്ള ഒരുക്കങ്ങളിലാണ്. ഇതിനിടെയാണ് സമാജ് വാദി പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ സമാജ്‌വാദി ഛാത്ര സഭ ഔദ്യോഗിക വേഷം പരമ്പരാഗതമായ ചുവപ്പിൽ നിന്നും നീലയിലേക്ക് മാറ്റിയത്. നീല നിറത്തിലുള്ള ടി-ഷർട്ടും ജീൻസും പാർട്ടിയുടെ അടയാളമായ ചുവന്ന തൊപ്പിയുമാണ് പുതിയ ഡ്രസ്. 2026 സെപ്റ്റംബർ 8-ന് ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവാണ് ഈ മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ തലമുറയുടെ ചിന്താഗതികൾക്കനുസരിച്ചുള്ള വേഷമാണ് ഇതെന്നാണ് അഖിലേഷിൻ്റെ വിശദീകരണം.

ഭരണഘടന, ജനാധിപത്യം, ബി.ആർ അംബേദ്കർ എന്നിവയുമായാണ് നീല നിറം ബന്ധപ്പെട്ടിരിക്കുന്നതെന്നും ജീൻസ് തൊഴിലാളികളുടെയും അടിച്ചമർത്തലുകൾക്കെതിരെയുള്ള പോരാട്ടത്തിന്റെയും പ്രതീകമാണെന്നും അഖിലേഷ് പറയുന്നു. ഇതുവരെ വിദ്യാർഥി വിഭാഗം നേതാക്കൾ ചുവപ്പ് ഷർട്ടോ കുർത്തയോ ധരിക്കുന്നതായിരുന്നു രീതി. അതാണ് പൊടുന്നനെ മാറുന്നത്.

samajwadi-chhatra-sabha-04

എസ് പി പതാകയും ചിഹ്നവും തൊപ്പിയും: ചുവപ്പും പച്ചയും നിറങ്ങളും വെള്ള നിറത്തിലുള്ള സൈക്കിൾ ചിഹ്നവും സമാജ് വാദി പാർട്ടി എന്ന ഹിന്ദി എഴുത്തുമാണ് പാർട്ടി പതാകയിൽ ഉള്ളത്. സോഷ്യലിസ്റ്റ് ആശയങ്ങളുടെയും തൊഴിലാളി വർഗത്തിന്റെയും വിപ്ലവത്തിന്റെയും പ്രതീകമാണ് ചുവപ്പ് . ചൂഷണങ്ങൾക്കെതിരായ പോരാട്ടത്തെയും, പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയുള്ള പാർട്ടിയുടെ നിലപാടിനെയും ചുവപ്പ് സൂചിപ്പിക്കുന്നു. കർഷകരെയും കാർഷിക മേഖലയെയും ഗ്രാമീണ ജീവിതത്തെയും പച്ച പ്രതിനിധീകരിക്കുന്നു. കർഷകരോടുള്ള അനുഭാവവും, കാർഷിക അഭിവൃദ്ധിയും, പ്രകൃതിയോടുള്ള ഇണക്കവുമാണ് പച്ച നിറം വ്യക്തമാക്കുന്നത്. മതേതരത്വത്തിന്റെയും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതിന്റെയും അടയാളമായും ഈ നിറം രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെടാറുണ്ട്.

സൈക്കിൾ ചിഹ്നം: സാധാരണക്കാരന്റെ പ്രതീകമായാണ് സൈക്കിൾ തെരഞ്ഞെടുത്തിട്ടുള്ളത്.  ഗ്രാമീണ ഇന്ത്യയിലെ സാധാരണക്കാരായ കർഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഏറ്റവും പ്രധാനപ്പെട്ട വാഹനമാണ്. സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനങ്ങളോടൊപ്പം നിൽക്കുന്ന പാർട്ടിയാണ് തങ്ങളെന്ന സന്ദേശമാണ് സൈക്കിൾ വഴി നൽകുന്നത്. സ്വന്തം അധ്വാനത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനെയും ജീവിത പുരോഗതിയെയും സൈക്കിൾ സൂചിപ്പിക്കുന്നു. ഇന്ധനമില്ലാതെ മനുഷ്യന്റെ കരുത്തിൽ സഞ്ചരിക്കുന്ന വാഹനം എന്ന നിലയിൽ സ്വയംപര്യാപ്തതയുടെ അടയാളം കൂടിയാണിത്. എല്ലാവർക്കും പ്രാപ്യമായ വാഹനം എന്ന നിലയിൽ, സമൂഹത്തിൽ സാമ്പത്തിക സമത്വം കൊണ്ടുവരിക എന്ന സോഷ്യലിസ്റ്റ് ആശയത്തെയും സൈക്കിൾ ചിഹ്നം ഉയർത്തിക്കാട്ടുന്നു

samajwadi-chhatra-sabha-05

യുപിയിലെ നിറങ്ങളുടെ രാഷ്ട്രീയം:  ഉത്തർപ്രദേശിൽ കാൻഷിറാമിന്റെ ബഹുജൻ പ്രസ്ഥാനവുമായും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയുമായും ചേർന്നു നിൽക്കുന്ന നിറമാണ് നീല. ദലിത്-ബഹുജൻ രാഷ്ട്രീയത്തിന്റെ പ്രതീകമായാണ് നീലയെ കാണുന്നത്. ആ നീലയിലേക്കാണ് ചുവപ്പു വിട്ട് സമാജ്‌വാദി പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയെത്തുന്നത്. ശക്തി ക്ഷയിച്ച രാഷ്ട്രീയ പ്രതിസന്ധിയിലാണ് നിലവിൽ ബിഎസ്പി. ഈ സാഹചര്യത്തിൽ യുവജനങ്ങളിലൂടെ മായാവതിയുടെ പരമ്പരാഗത ദലിത് വോട്ട് ബാങ്കിനെ എസ്.പിയിലേക്ക് അടുപ്പിക്കാൻ അഖിലേഷ് ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ. 

എസ് പി മാറുന്നു: മുസ്‌ലിം - യാദവ വോട്ട് ബാങ്ക് എന്നതിൽ നിന്നും സമാജ്‌വാദി പാർട്ടി മാറിക്കൊണ്ടിരിക്കുകയാണ്.  2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി പയറ്റിയ പി.ഡി.എ അഥവാ പിച്ച്‌ഡെ-പിന്നാക്കക്കാർ, ദലിത്, ന്യൂനപക്ഷ തന്ത്രത്തിന്റെ  തുടർച്ചയായാണ് വിദ്യാർത്ഥി വിഭാഗത്തിന്റെ നിറംമാറ്റം എന്നു വേണം കരുതാൻ. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.പിയിലെ 80-ൽ 37 സീറ്റുകളും സമാജ്‌വാദി പാർട്ടി നേടിയിരുന്നു.  അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ദലിത് സ്ഥാനാർത്ഥിയായ അവധേഷ് പ്രസാദിനെ വിജയിപ്പിക്കാൻ കഴിഞ്ഞത് ഇരട്ടി നേട്ടമായി. ഇതേ തന്ത്രം  വിപുലീകരിച്ച്  യു.പി ഭരണം തിരിച്ചുപിടിക്കുക എന്നതാണ് അഖിലേഷ് യാദവിന്റെ  ലക്ഷ്യം. ദലിത് വോട്ടുകൾക്കൊപ്പം യുവാക്കളെയും സ്ത്രീകളെയും ഒപ്പം നിർത്താനായാൽ  യു.പി രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. 

samajwadi-chhatra-sabha-01

സവർണ ഹിന്ദു വോട്ടർമാരെയും സ്ത്രീകളെയും ഒപ്പം നിർത്താനും എസ്.പി വലിയ ശ്രമങ്ങൾ നടത്തുന്നുണ്ട്. പി.ഡി.എ എന്നതിലെ പി പണ്ഡിറ്റുകൾ അഥവാ ബ്രാഹ്മണർ എന്നതിനെ കൂടി പ്രതിനിധീകരിക്കുന്നുവെന്ന് അടുത്തിടെ അഖിലേഷ് പറഞ്ഞിരുന്നു. സ്ത്രീകളെയും വിദ്യാർത്ഥികളെയും ആകർഷിക്കുന്നതിനായി അഖിലേഷിന്റെ ഭാര്യയും മെയിൻപുരി എം.പിയുമായ ഡിംപിൾ യാദവും  രംഗത്തുണ്ട്. ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിലേക്ക് സമാജ് വാദി പാർട്ടിയെ പ്രതിനിധീകരിച്ച് എത്തിയത് ഡിംപിൾ യാദവ് ആയിരുന്നു. വിദ്യാർഥികളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സംസ്ഥാനത്തെ കലാലയങ്ങളിൽ  ഛാത്ര ജാഗരൂകതാ സപ്താഹ് തന്ന വിദ്യാർത്ഥി ബോധവൽക്കരണ വാരം തുടരുകയാണ് ഛാത്ര സഭ. 

ENGLISH SUMMARY:

Colours have significant political meanings in Indian politics, particularly in North India. In many villages, especially in Uttar Pradesh, people often identify political parties by their colours and symbols rather than by their names. It is in Uttar Pradesh, a state filled with such villages, that this change of colour is taking place. The change involves Chhatra Sabha, the student wing of the Samajwadi Party, which has ruled the state four times. Therefore, the move carries considerable political significance. It also reflects a change in the party’s approach and political positioning.