hidden-camera-washroom

ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്‌റൂമിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ച് വിദ്യാർഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ വനിതാ വാർഡനെതിരെ പോലീസ് കേസെടുത്തു. മൊഹദ്ദിപൂരിലെ സ്വകാര്യ ഗേൾസ് ഹോസ്റ്റൽ വാർഡനായ ആരതി സിംഗിനെതിരെയാണ് ഗുരുതര വകുപ്പുകൾ ചുമത്തി കന്റോൺമെന്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ബാത്ത്‌റൂമിലെ ടിൻ ഷെഡിനുള്ളിൽ കാമറ ഓൺ ചെയ്ത് ടോയ്‌ലറ്റിന് നേരെ തിരിച്ചുവെച്ച നിലയിലാണ് ഫോൺ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ബാത്ത്‌റൂമിൽ കയറിയ പെൺകുട്ടിയാണ് ഒളിപ്പിച്ചുവെച്ച ഫോൺ ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് പെൺകുട്ടി ഈ ഫോണിന്റെ ദൃശ്യങ്ങൾ പകർത്തി മറ്റ് അന്തേവാസികളെ അറിയിക്കുകയായിരുന്നു.

മൂന്ന് മണിക്കൂറോളം കാമറ പ്രവർത്തിച്ചതായും അഞ്ചിലധികം പെൺകുട്ടികളുടെ ദൃശ്യങ്ങൾ ഇതിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും വിദ്യാർഥിനികൾ ആരോപിച്ചു. ഇതിൽ ചില ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതായും ഇവർ പരാതിപ്പെട്ടു. തുടർന്ന് വിദ്യാർഥിനികൾ ഹോസ്റ്റലിൽ സംഘടിക്കുകയും ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തു.

വിദ്യാർഥിനികൾ സാനിറ്ററി പാഡുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കണ്ടെത്താനാണ് താൻ ഫോൺ വെച്ചതെന്നും ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ വാർഡന്റെ വിചിത്രമായ ന്യായീകരണം. എന്നാൽ സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റവും ലൈംഗികാതിക്രമവുമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിനികൾ പോലീസിൽ രേഖാമൂലം പരാതി നൽകി. കോളേജ് വിദ്യാർഥിനികളും മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരുമായ 26 പെൺകുട്ടികളാണ് ഈ ഹോസ്റ്റലിൽ താമസിക്കുന്നത്.

സംഭവസ്ഥലത്തെത്തിയ പോലീസ് ഫോൺ പിടിച്ചെടുത്തു. ഫോണിലെ ദൃശ്യങ്ങളും ഡാറ്റയും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും, തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്നും സിറ്റി എസ്.പി നിമിഷ് പാട്ടീൽ അറിയിച്ചു. സംഭവത്തിൽ ഉത്തർപ്രദേശിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Gorakhpur: Girls' Hostel Warden Booked for Secret Washroom Recording:

Police in Gorakhpur, Uttar Pradesh, have booked a female hostel warden named Aarti Singh for allegedly placing a hidden mobile phone in a washroom to secretly record female residents. The phone was discovered concealed inside a tin shed facing the toilet area, where it had reportedly been recording for nearly three hours, capturing footage of at least five to six girls. While the warden claimed she was only attempting to catch individuals disposing of sanitary pads improperly, the residents lodged a formal complaint alleging voyeurism and illegal online circulation of the clips. City SP Nimish Patil confirmed that the device has been seized for forensic examination as an investigation under the Cantt police station gets underway.