rajasthan

TOPICS COVERED

രാജസ്ഥാനിലെ നോഖ നഗരസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിച്ചെടുത്ത് കരുത്തുകാട്ടി സിപിഎം. ആകെയുള്ള 45 വാർഡുകളിൽ 29 എണ്ണത്തിലും സിപിഎം സ്ഥാനാർഥികൾ വിജയിച്ചു. കോൺഗ്രസ് ഒരു സീറ്റില്‍പ്പോലും വിജയിച്ചില്ല.

ഇടതിന് സ്വാധീനമുള്ള ബിക്കാനീര്‍ ജില്ലയിലെ നോഖ നഗരസഭയിലാണ് സിപിഎം ചരിത്ര വിജയം നേടിയത്. 45 വാർഡുകളിൽ 29 എണ്ണത്തിലും സിപിഎം ജയിച്ചപ്പോള്‍ ബിജെപി 13 സീറ്റും സ്വതന്ത്രര്‍ മൂന്ന് സീറ്റിലും വിജയിച്ചു. കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഫലം സമ്മാനിച്ചത്. ഒരു വാർഡിൽ പോലും പാർട്ടിക്ക് ജയിക്കാനായില്ല. 60 ശതമാനത്തിലേറെ വോട്ട് നേടിയാണ് സിപിഎമ്മിന്‍റെ മിന്നും ജയം.

ബിജെപിക്കെതിരായ ജനരോഷവും സാധാരണക്കാരുടെ വിഷയങ്ങളിലുള്ള സിപിഎമ്മിന്റെ ഇടപെടലുമാണ് വിജയത്തിന് കാരണമായതെന്ന് സംസ്ഥാന സെക്രട്ടറി കിഷൻ പരീഖ് പറഞ്ഞു. രാജസ്ഥാനില്‍ സിപിഎം നിര്‍ത്തിയ 192 സ്ഥാനാർഥികളില്‍ 40 പേര്‍ ഇതുവരെ വിജയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിക്കാര്‍ സീറ്റില്‍നിന്ന് സിപിഎമ്മിന്‍റെ കര്‍ഷക സംഘടനാ നേതാവ് അമ്രാ റാം വിജയിച്ചിരുന്നു.

ENGLISH SUMMARY:

CPM has secured a significant victory in the Nokha municipal elections in Rajasthan, winning 29 out of 45 wards. This decisive win marks a major achievement for the party in a district influenced by the left.