നാഗ്പൂരിലെ അധോലോകത്തിലെ 92 ശതമാനം ആളുകളും തന്റെ അനുഭാവികളാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എന്നാൽ ഇത് കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുന്നതായി തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഐഐഎം നാഗ്പൂർ മീഡിയ കോൺക്ലേവ് 2026ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് നിതിൻ ഗഡ്കരി തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് പരാമർശിച്ചത്.

‘രാഷ്ട്രീയത്തിൽ ഞാൻ എല്ലാം ചെയ്തിട്ടുണ്ട്. നല്ല കാര്യങ്ങളും മോശം കാര്യങ്ങളും ചെയ്തിട്ടുണ്ട്. കൂടാതെ ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ള ആളുകളുമായി എനിക്ക് ബന്ധമുണ്ട്,’ ഗഡ്കരി പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയ പ്രത്യയശാസ്ത്രമുണ്ടെങ്കിലും, നാഗ്പൂരിലെ ‘അധോലോക’ സ്വാധീനമുള്ള മേഖലകളിൽ നിന്ന് പോലും വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാഗ്പൂരിലെ വിദ്യാസമ്പന്നരിൽ 70–75 ശതമാനം പേരുടെ വോട്ട് തനിക്ക് ലഭിച്ചെന്നും അധോലോക സ്വാധീനമുള്ള മേഖലകളിൽ നിന്ന് 92 ശതമാനം വോട്ട് വിഹിതം ലഭിച്ചെന്നും ഗഡ്കരി പറഞ്ഞു. വികസന പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളുമാണ് ഈ പ്രദേശങ്ങളിലെ ആളുകളുമായുള്ള തന്റെ ബന്ധത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാഷ്ട്രീയ പാർട്ടികളോ നേതാക്കളോ അല്ല, മറിച്ച് വോട്ടർമാരാണെന്ന് ഗഡ്കരി പറഞ്ഞു. ജാതി, മതം, വിഭാഗം, ഭാഷ എന്നിവയ്ക്കപ്പുറം സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ വിഷയങ്ങളെ അടിസ്ഥാനമാക്കി വോട്ട് ചെയ്യാൻ പൗരന്മാർക്ക് ബോധവൽക്കരണം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാഷ്ട്രീയജീവിതത്തിന്റെ തുടക്കത്തിൽ താനും ജാതി അധിഷ്ഠിത രാഷ്ട്രീയം പരീക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു.

ബിജെപി ദേശീയ അധ്യക്ഷനായിരുന്നപ്പോൾ വോട്ട് ഉറപ്പാക്കുന്നതിനായി ജാതി അധിഷ്ഠിത സെല്ലുകൾ രൂപീകരിച്ചിരുന്നുവെന്നും എന്നാൽ ഉദ്ദേശിച്ച രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കുന്നതിന് പകരം ആ തന്ത്രം കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കുക മാത്രമാണ് ചെയ്തതെന്നും ഗഡ്കരി പറഞ്ഞു.

ENGLISH SUMMARY:

Nitin Gadkari's statement about 92% support from Nagpur's 'underworld' areas has sparked widespread discussion. He clarified that this support is not an endorsement of crime but a result of his development and social service initiatives.