TAGS

മുസ്‍ലിം സ്ഥാനാര്‍ഥികളെ ഒഴിവാക്കിയുള്ള തിരഞ്ഞെടുപ്പ് തന്ത്രത്തില്‍ നിന്നും മാറി ബിജെപി. ജയ്പുര്‍ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എട്ടു മുസ്‍ലിം സ്ഥാനാര്‍ഥികളെയാണ് ബിജെപി മല്‍സരിപ്പിക്കുന്നത്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരൊറ്റ മുസ്‍ലിം സ്ഥാനാര്‍ഥിയെയും ബിജെപി നിര്‍ത്തിയിരുന്നില്ല. 2020 നവംബറിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബിജെപിയുടെ ഏക മുസ്‍ലിം സ്ഥാനാര്‍ഥി തോറ്റിരുന്നു. 

15 വർഷമായി ബി.ജെ.പിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും  മുസ്‍ലിങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യാതൊരുവിധ എതിർപ്പുമില്ലെന്നും ബിജെപി സ്ഥാനാര്‍ഥിയായ ഷബാബ് ജഹാന്‍ പറഞ്ഞു. വാർഡിലെ അടിസ്ഥാന സൗകര്യങ്ങളാണ് തിരഞ്ഞെടുപ്പ് വിഷയമെന്നും ഷബാബ് ജഹാൻ പറഞ്ഞു. കഴിഞ്ഞ തവണ മല്‍സരിച്ച് തോറ്റയാളാണ് ഷബാബ്. പ്രധാൻമന്ത്രി ആവാസ് യോജന, ഉജ്വല യോജന തുടങ്ങിയ പദ്ധതികൾ നൽകിയ പാര്‍ട്ടിക്ക് മുസ്‍ലിങ്ങൾ എന്തുകൊണ്ട് വോട്ട് ചെയ്യുന്നില്ലെന്നാണ് മറ്റൊരു സ്ഥാനാര്‍ഥി മജീദ് പത്താന്‍റെ ചോദ്യം. 

അതേസമയം, അസാധാരണത്വം നിറഞ്ഞതായിരുന്നു ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥി നിർണയ പ്രക്രിയ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച വരെ ഇരു പാർട്ടികളും സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടിരുന്നില്ല. പകരം തിരഞ്ഞെടുത്ത സ്ഥാനാർത്ഥികളെ ഫോണിൽ വിവരമറിയിക്കുകയും നാമനിർദ്ദേശ കേന്ദ്രങ്ങളിൽ എത്താൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. 

ജയ്പുര്‍ മുനിസിപ്പാലിറ്റിയുടെ 150 വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 11 വരെയാണ്. 14 നാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.